സ്പേസ് എക്സ് ക്രൂ 10 വിക്ഷേപിച്ചു. ഇന്നു പുലർച്ചെ ഇന്ത്യൻ സമയം 4.33 ന് ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെൻ്ററിൽ നിന്നായിരുന്നു വിക്ഷേപണം. നാല് ബഹിരാകാശ സഞ്ചാരികളാണ് ക്രൂ ടെൻ പേടകത്തിലുള്ളത്. നാളെ രാവിലെ 9 മണിക്ക് ക്രൂ – 10 അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്യും. നാസയോടൊപ്പം ചേർന്നാണ് സ്പേസ് എക്സ് ദൗത്യം നടത്തുന്നത്. മാർച്ച് 19-ന് സുനിത വില്യംസ് അടക്കം നാല് പേരുമായി പേടകം ഭൂമിയിലേക്ക് തിരിക്കും. ക്രൂ9ലാണ് ഇവർ മടങ്ങിയെത്തുന്നത്.ലോഞ്ച് പാഡിലെ സാങ്കേതിക തകരാർ മൂലം മാർച്ച് 12-ന് മാറ്റി വച്ച ദൗത്യമാണിത്. ആൻ മക്ലെയിൻ, നിക്കോൾ അയേഴ്സ്, ജാക്സ (ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസി) ബഹിരാകാശയാത്രികൻ തകുയ ഒനിഷി, റോസ്‌കോസ്മോസ് ബഹിരാകാശയാത്രികൻ കിറിൽ പെസ്‌കോവ് എന്നിവരുമായാണ് പേടകം പറന്നുയർന്നത്. ബഹിരാകാശയാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും കഴിഞ്ഞ വർഷം ജൂണിൽ ഐഎസ്‌എസിൽ കുടുങ്ങിയത്.നാസ കണക്കുകൂട്ടുന്നതിലും നേരത്തെ സുനിതയേയും ബുച്ചിനേയും ഭൂമിയിലേക്ക് തിരിച്ചെത്തിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ഉറ്റ സുഹൃത്തും ഉപദേഷ്ടാവുമായ ഇലോൺ മസ്‌കിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരമാണ് തന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സ് വഴി ഒരു ദൗത്യത്തിന് മസ്‌ക് സമ്മതം മൂളിയത്. എട്ട് ദിവസത്തെ ദൗത്യത്തിനായാണ് വിൽമോറിനും വില്യംസിനും ഓർബിറ്റിംഗ് സ്റ്റേഷനിൽ പോയിരുന്നത്. എന്നാൽ മടങ്ങിവരവ് നീണ്ടു പോവുകയായിരുന്നു.