പാലക്കാട്: കഞ്ചിക്കോട്ട് വീട്ടിൽ കഞ്ചാവ് സൂക്ഷിച്ച ബീഹാർ സ്വദേശി അറസ്റ്റിൽ. ബീഹാർ സുൽത്താൽപൂർ സ്വദേശിയും കഞ്ചിക്കോട് കൊയ്യാമരക്കാട് സ്ഥിരമായി താമസിക്കുന്നയാളുമായ യാസീൻ അൻസാരി (32) ആണ് അറസ്റ്റിലായത്. ശനിയാഴ്‌ചയാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇയാളുടെ പക്കൽ നിന്ന് 1.7 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ഒൻപത് വർഷം മുൻപാണ് തൊഴിൽ തേടി അൻസാരി കഞ്ചിക്കോട് എത്തിയത്. തുടക്കത്തിൽ ചെറിയ ചെറിയ ജോലികളായിരുന്നു ചെയ്തിരുന്നത്. പിന്നീട് കട വാടകയ്ക്ക് എടുത്ത് കച്ചവടം ചെയ്തു. ഇതര സംസ്ഥാന തൊഴിലാളികൾക്കായി നിരോധിത പുകയില ഉത്‌പന്നങ്ങളുടെ വിൽപനയിലൂടെയായിരുന്നു തുടക്കം. പിന്നീട് കഞ്ചാവ് വിൽപന പതിവാക്കി. ഇപ്പോൾ പിടികൂടിയ കഞ്ചാവ് തൊഴിലാളികൾക്ക് വിതരണം ചെയ്യാൻ എത്തിച്ചതാണെന്നാണ് ഇയാൾ പൊലീസിന് മൊഴി നൽകിയത്. കഞ്ചാവ് വിൽപനയിലൂടെ ലഭിച്ച പണം കൊണ്ട് ഇയാൾ കഞ്ചിക്കോട് ഭൂമി വാങ്ങി ആഡംബര വീട് നിർമിക്കുകയും ചെയ്തു. ഇയാൾക്കെതിരെ മുൻപും ലഹരിക്കേസുകൾ ചുമത്തിയിട്ടുള്ളതായി പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.