ചെന്നൈ: തമിഴ്നാട്ടിലെ നവ ദമ്പതികള്‍ എത്രയും വേഗം കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ അഭ്യര്‍ത്ഥന. ജനസംഖ്യാനുപാതമായി മണ്ഡല പുനര്‍നിര്‍ണയം നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ പരിഹസിച്ചു കൊണ്ടായിരുന്നു സ്റ്റാലിന്റെ അഭ്യര്‍ത്ഥന. സമയമെടുത്ത് വേണം കുടുംബം കെട്ടിപ്പടുക്കാന്‍ എന്ന് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഇന്നങ്ങനെ പറയാനാവാത്ത സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ അഭ്യര്‍ത്ഥന പ്രകാരം ജനസംഖ്യ നിയന്ത്രിച്ച തമിഴ്‌നാട്ടുകാര്‍ക്ക് ഇപ്പോള്‍ ജനസംഖ്യ കുറഞ്ഞത് കൊണ്ട് മണ്ഡലങ്ങള്‍ നഷ്ടമാകുന്ന അവസ്ഥയാണെന്ന് സ്റ്റാലിന്‍ പറഞ്ഞു. നാഗപട്ടണത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയുടെ വിവാഹച്ചടങ്ങില്‍ സംബന്ധിച്ച് നവദമ്പതികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനസഖ്യാടിസ്ഥാനത്തില്‍ മണ്ഡല പുനര്‍വിഭജനം നടത്തിയാല്‍ തമിഴ്നാടിന് വലിയ നഷ്ടമാകുമെന്നാണ് സ്റ്റാലിന്റെ വാദം. മണ്ഡല പുനര്‍വിഭജനത്തില്‍ തമിഴ്നാട്ടില്‍ 39 ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണം 31 ആയി കുറയുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. ജനസംഖ്യാ അടിസ്ഥാനത്തില്‍ മണ്ഡല പുനനിര്‍ണയം നടത്തുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെയുള്ള നടപടികള്‍ ആലോചിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ ബുധനാഴ്ച്ച സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്.











