കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി പൾസർ സുനി കസ്റ്റിയിൽ. ഹോട്ടലിൽ അതിക്രമം നടത്തിയ കേസിലാണ് പൾസർ സുനിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളം രായമംഗലത്തുള്ള ഹോട്ടലിൽ കയറി അതിക്രമം നടത്തിയതിനാണ് കേസ്.ഭക്ഷണം വൈകിയതിന് ഹോട്ടൽ ജീവനക്കാർക്ക് നേരെ പൾസർ സുനി ഭീഷണിയുയർത്തുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. പിന്നാലെ ഹോട്ടലിലെ കുപ്പി ഗ്ലാസ്സുകൾ ഇയാൾ എറിഞ്ഞു പൊട്ടിക്കുകയുമായിരുന്നു. ഹോട്ടലിന് പുറത്തിറങ്ങിയതിന് പിന്നാലെ പ്രതി ഹോട്ടൽ ജീവനക്കാരോട് ‘നീയൊക്കെ ക്യാമറ ഇല്ലാത്ത ഭാഗത്തേക്ക് വാടാ നിന്നെയൊക്കെ ശരിയാക്കി തരാം’ എന്ന് പറഞ്ഞ് വധഭീഷണി മുഴക്കിയതായാണ് എഫഐആറിൽ പറയുന്നത്. പിന്നാലെ ഹോട്ടൽ ജീവനക്കാരുടെ പരാതിയിൽ കുറുപ്പുംപടി പൊലീസ് ഇയാൾക്കെതിരെ കേസെടുക്കുകയായിരുന്നു. ഭാരതീയ ന്യായ സംഹിതയുടെ 296(b),351(2),324(4) എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ കർശന ജാമ്യ വ്യവസ്ഥകളോടെ പുറത്തിറങ്ങിയതിനിടയിലാണ് വീണ്ടും പൾസർ സുനിക്കെതിരെ കേസെടുത്തിരിക്കുന്നത്.അതേ സമയം, നടിയെ ആക്രമിച്ച കേസിൽ സെഷൻസ് കോടതിയിൽ ഹാജരാകേണ്ട ദിവസമായിരുന്നു ഇന്ന്. കസ്റ്റഡിയിലായതിനാൽ ഇന്ന് കോടതിയിൽ സുനിക്ക് ഹാജരാകാൻ സാധിക്കില്ല. ജാമ്യത്തിലിരിക്കെ മറ്റൊരു കേസിൽ പ്രതിയായത് പൊലീസ് വിചാരണ കോടതിയെ അറിയിക്കും. വിചാരണ കോടതിയുടെ തുടർന്നുള്ള തീരുമാനം നിർണായകമായേക്കും.കഴിഞ്ഞ സെപ്റ്റംബറിലാണ് നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, പങ്കജ് മിത്തല്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ഏഴര വർഷത്തിന് ശേഷമാണ് സുനിക്ക് ജാമ്യം ലഭിക്കുന്നത്. പലതവണ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല. തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നൽകിയിരുന്നെങ്കിലും വിചാരണ നീണ്ടുപോകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഒന്നാം പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചത്. മുഖ്യ പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് കേസിനെ ബാധിക്കുമെന്ന് സർക്കാർ വാദിച്ചെങ്കിലും കർശന ഉപാധികളോടെയാണ് ജാമ്യം നൽകിയത്.