മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗ് രണ്ടാംപാദ പ്ലേ ഓഫിൽ ഇന്ന് വമ്പൻ പോരാട്ടം. നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡ് മുൻ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ നേരിടും. രാത്രി ഒന്നരയ്ക്ക് റയലിന്‍റെ മൈതാനത്താണ് മത്സരം. സോണി സ്പോര്‍ട്സ് ടെന്‍ നെറ്റ്‌വര്‍ക്കില്‍ മത്സരം തത്സമയം കാണാനാകും. ഇത്തിഹാദിൽ ജൂഡ് ബെല്ലിംഗ്ഹാമിന്‍റെ ഈ ഇഞ്ചുറി ടൈം ഗോൾ മാഞ്ചസ്റ്റർ സിറ്റിക്ക് നൽകിയ ആഘാതം ചെറുതല്ല. രണ്ട് ഗോളിന് മുന്നിട്ടു നിന്നിട്ടും പെപ് ഗ്വാർഡിയോളയുടെ സിറ്റിക്ക് ഹോം ഗ്രൗണ്ടിൽ റയലിനെ പിടിച്ചു നിർത്താനായില്ല.ആദ്യപാദത്തിൽ സിറ്റി വീണത് രണ്ടിനെതിരെ മൂന്ന് ഗോളിന്. സാന്‍റിയാഗോ ബെർണബ്യൂവിൽ ഒരുഗോൾ ലീഡിന്‍റെ ആത്മവിശ്വാസത്തിൽ കാർലോ ആഞ്ചലോട്ടിയും സംഘവും ഇറങ്ങുമ്പോൾ സിറ്റിക്ക് ഒരുശതമാനം സാധ്യതമാത്രമെന്ന് പെപ് ഗ്വാർഡിയോള പറയുന്നു. എങ്കിലും നിലനിൽപിനായി സർവം മറന്ന് പൊരുതുമെന്നും സിറ്റി കോച്ച് നയം വ്യക്തമാക്കി.എന്നാല്‍ പെപ്പിന്‍റെ സാധ്യതാ കണക്കുകൾ പാടേതള്ളിക്കളയുകയാണ് റയല്‍ പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടി. സിറ്റിയിൽ നിന്ന് പ്രതീക്ഷിക്കുന്നത് അതിശക്തമായ വെല്ലുവിളി പ്രതീക്ഷിക്കുന്നുവെന്നും ആഞ്ചലോട്ടി പറയുന്നു.ഗ്രൂപ്പ് ഘട്ടത്തിൽ നിറംമങ്ങിയതോടെയാണ് റയലിനും സിറ്റിക്കും പ്ലേ ഓഫിൽ കളിക്കേണ്ടി വന്നത്. ആടി ഉലയുന്ന പ്രതിരോധ നിരയാണ് സിറ്റിയുടെ പ്രതിസന്ധി. നന്നായി കളിക്കുന്നുവെന്ന് തോന്നിക്കുമ്പോൾ പിൻനിരക്കാർ വരുത്തുന്ന അനാവശ്യ പിഴവുകൾക്ക് പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലും സിറ്റി നൽകേണ്ടിവന്നത് കനത്ത വില. എർലിംഗ് ഹാളണ്ടിന്‍റെയും പുതിയ കണ്ടെത്തലായ ഈജിപ്ഷ്യൻ താരം ഒമറിന്‍റെയും ഗോളടി മികവിലേക്കാണ് സിറ്റി ആരാധകർ ഉറ്റുനോക്കുന്നത്.റയലിന്‍റെ സെൻട്രൽ ഡിഫൻസിലേക്ക് അന്റോണിയോ റൂഡിഗർ തിരിച്ചെത്തുമ്പോൾ മധ്യനിരയിൽ ചുവാമെനി കാമവിംഗ കൂട്ടുകെട്ടിന് അവസരമൊരുങ്ങും. കിലിയൻ എംബാപ്പെ, റോഡ്രിഗോ, വിനീഷ്യസ് ജൂനിയർ, ബെല്ലിംഗ്ഹാം കൂട്ടുകെട്ടിനെ പിടിച്ചുകെട്ടുകയാവും സിറ്റിയുടെ പ്രധാന വെല്ലുവിളി.