കാസര്‍കോട് പഴക്കച്ചവടത്തിന്റെ മറവില്‍ എം ഡി എം എ വിൽപ്പന. ഉപ്പള സ്വദേശിയായ യുവാവിനെ 25.9 ഗ്രാം എം ഡി എം എയുമായി പൊലീസ് അറസ്റ്റ് ചെയ്തു.നഗരത്തില്‍ പഴക്കച്ചവടം നടത്തുന്ന ഉപ്പള റെയില്‍വേ സ്റ്റേഷന്‍ റോഡ് സ്വദേശിയായ ബി എ മുഹമ്മദ് ഷമീറിനെയാണ് കാസര്‍കോട് ടൗണ്‍ പൊലീസും ഡാന്‍സാഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടികൂടിയത്. ഉപ്പളയില്‍ നിന്നും കാസര്‍കോട്ടേക്ക് ബസിലെത്തിയ ഇയാള്‍ കറന്തക്കാട്ട് ഇറങ്ങിയപ്പോഴായിരുന്നു പൊലീസ് പരിശോധന. കൈയില്‍ സൂക്ഷിച്ചിരുന്ന പൊതിയില്‍ 25.9 ഗ്രാം എം ഡി എം എയും 25 ലക്ഷം രൂപയും കണ്ടെടുത്തു.കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡില്‍ കോഫീ ഹൗസിനടുത്ത് പാതയോരത്ത് രണ്ട് വര്‍ഷമായി പഴക്കച്ചവടം നടത്തുകയാണ് മുഹമ്മദ് ഷമീര്‍. കച്ചവടത്തിന് ജോലിക്കാരനെ നിര്‍ത്തി സമീപത്തെ ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചാണ് കഴിഞ്ഞ ഒന്നര വര്‍ഷമായി ലഹരിക്കച്ചവടം നടത്തിയിരുന്നത്. ഉപ്പളയില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ എത്തിച്ചിരുന്നത്. ജില്ലാ പോലീസ് മേധാവി ഡി ശില്പയുടെ നിര്‍ദേശപ്രകാരം പൊലീസ് ജില്ലയിൽ ലഹരിവേട്ട ശക്തമാക്കിയിരുന്നു.