തിരുവനന്തപുരം: കാര്യവട്ടം ഗവൺമെന്റ് കോളേജിൽ റാഗിംങ് നടന്നതായി പരാതി. കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥി ബിൻസ് ജോസാണ് പ്രിൻസിപ്പലിനും കഴക്കൂട്ടം പൊലീസിലും പരാതി നൽകിയത്. പരാതിയെ തുടർന്ന് അന്വേഷണം നടത്തിയ ആൻ്റി -റാഗിംങ് കമ്മിറ്റിയാണ് റാഗിങ് നടന്നതായി സ്ഥിരീകരിച്ചത്. മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളായ ഏഴോളം പേർക്കെതിരെയാണ് ബയോടെക്നോളജി ഒന്നാം വർഷ വിദ്യാർത്ഥി പരാതി സമർപ്പിച്ചത്. സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും പരിശോധിച്ചാണ് റാഗിങ് നടന്നതായി കണ്ടെത്തിയത്. കഴിഞ്ഞ പതിനൊന്നാം തീയതി സീനിയർ ജൂനിയർ വിദ്യാർത്ഥികൾ തമ്മിൽ അടി പിടി നടന്നിരുന്നു. ബിൻസ് ജോസിൻ്റെ സുഹൃത്തായ അഭിഷേകിന് സീനിയർ വിദ്യാർത്ഥികളുടെ മർദനത്തിൽ പരിക്കേറ്റിരുന്നു. ഇരുകൂട്ടരുടെയും പരാതിയിൽ അന്ന് കഴക്കൂട്ടം പോലീസ് കേസെടുത്തിരുന്നു . തുടർന്ന്, അഭിഷേകിനെ അന്വേഷിച്ചെത്തിയ സീനിയർ വിദ്യാർത്ഥികൾ ബിൻസിനെ പിടിച്ചു യൂണിറ്റ് റൂമിൽ കൊണ്ടുപോയി സംഘം ചേർന്ന് മർദിച്ചതായിട്ടാണ് പരാതി. സീനിയർ വിദ്യാർഥികളെ ബഹുമാനിച്ചില്ലെന്ന് ആരോപിച്ചായിരുന്നു മർദനം. ഷർട്ട് വലിച്ചു കീറി മുട്ടുകാലിൽ നിറുത്തി മുതുകിലും ചെകിട്ടത്തടിച്ചു മർദിച്ചു. തറയിൽ വീണ ബിൻസിനെ വീണ്ടും മർദിച്ചു. വെള്ളം ചോദിച്ചപ്പോൾ തുപ്പിയ ശേഷം കുപ്പിവെള്ളം നൽകിയതായും ബിൻസ് പറയുന്നു. ഈ സംഭവങ്ങൾക്ക് പിന്നാലെയാണ് കഴക്കൂട്ടം പോലീസിലും പ്രിൻസിപ്പലിനും ബിൻസ് പരാതി നൽകിയത്. സീനിയർ വിദ്യാർത്ഥികളായ വേലു, പ്രിൻസ്, അനന്തൻ, പാർത്ഥൻ, അലൻ, ശ്രാവൺ, സൽമാൻ തുടങ്ങി ഏഴ് പേരാണ് റാഗിംഗ് നടത്തിയതെന്നാണ് പരാതി. കമ്മിറ്റിയുടെ കണ്ടെത്തലിൽ പ്രിൻസിപ്പൽ ഇന്ന് കഴക്കൂട്ടം പോലീസിന് റിപ്പോർട്ട് നൽകി. പ്രിൻസിപ്പലിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ റാഗിംങ്ങിന് കേസെടുക്കുമെന്ന് കഴക്കൂട്ടം പോലീസ് പറഞ്ഞു.