മലയാള സിനിമയിലെ പുതുതലമുറ താരങ്ങളില്‍ ഏറെ ജനപ്രീതി നേടിയ ഒരാളാണ് നിവിന്‍ പോളി. മലയാള സിനിമയിലെ എക്കാലത്തെയും വലിയ ജനപ്രിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു നിവിന്‍ പോളി നായകനായ പ്രേമം. എന്നാല്‍ തന്‍റെ ജനപ്രീതിക്ക് അനുസരിച്ചുള്ള വിജയങ്ങള്‍ സമീപകാലത്ത് അദ്ദേഹത്തിന് നേടാന്‍ കഴിഞ്ഞിട്ടില്ല. തിരക്കഥകളുടെ തെരഞ്ഞെടുപ്പില്‍ വ്യത്യസ്തത പുലര്‍ത്തിയിരുന്നെങ്കിലും അത് ജനം സ്വീകരിച്ചില്ല എന്നതാണ് വസ്തുത. കരിയറിലെ ഒരു മോശം കാലത്ത് നിവിനെ വിമര്‍ശിച്ചവരില്‍ പലരും അദ്ദേഹം ശരീരം ശ്രദ്ധിക്കുന്നില്ലെന്നതും ചൂണ്ടിക്കാട്ടിയിരുന്നു. ഈ വിമര്‍ശനം പലപ്പോഴും പരിഹാസത്തിലേക്കും ബോഡി ഷെയ്മിംഗിലേക്കുമൊക്കെ എത്തി. ഇപ്പോഴിതാ നിവിന്‍ പോളിയുടെ പുതിയ മേക്കോവര്‍ ലുക്ക് ആണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. തടി കുറച്ച് മെലിഞ്ഞ് സ്റ്റൈലിഷ് ഗെറ്റപ്പില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ നിവിന്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. വന്‍ വരവേല്‍പ്പ് ആണ് ഇതിന് ലഭിക്കുന്നത്. ഒപ്പം പുതിയ മേക്കോവറിലുള്ള വീഡിയോകളും റീലുകളായി സോഷ്യല്‍ മീഡിയയിലുണ്ട്. പ്രേമത്തില്‍ നിവിന്‍ അവതരിപ്പിച്ച ജോര്‍ജ് എന്ന കഥാപാത്രത്തിന്‍റെ വിഷ്വലുമായി ചേര്‍ത്തുള്ളതാണ് പല റീലുകളും. നിവിന്‍ 2.0 എന്നാണ് ആരാധകരില്‍ പലരും അദ്ദേഹത്തിന്‍റെ പുതിയ മേക്കോവറിനെ വിലയിരുത്തിയിരിക്കുന്നത്. അതേസമയം നിവിന്‍ പോളി നേടിയിട്ടുള്ള ജനപ്രീതിയുടെ അളവ് എത്രയെന്നത് ഒരിക്കല്‍ക്കൂടി കാണിക്കുന്നതാണ് മേക്കോവറിന് ലഭിക്കുന്ന പ്രതികരണം. അതേസമയം നയന്‍താരയ്ക്കൊപ്പം എത്തുന്ന ഡിയര്‍ സ്റ്റുഡന്‍ഡ്സ് എന്ന ചിത്രമാണ് നിവിന്‍റെ അടുത്ത റിലീസ്. തമിഴ് സംവിധായകന്‍ റാം ഒരുക്കുന്ന ഏഴ് കടൽ ഏഴ് മലൈ എന്ന ചിത്രവും നിവിന്‍ പോളിയുടേതായി പുറത്തെത്താനുണ്ട്. ശ്രീ ഗോകുലം മൂവീസ് നിര്‍മ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിലും നിവിന്‍ പോളിയാണ് നായകന്‍