കൊച്ചിയിൽ ലഹരിമൂത്ത് നടുറോഡിൽ നാട്ടുകാരെയും പൊലീസിനെയും ആക്രമിച്ച യുവാവും സുഹൃത്തായ യുവതിയും അറസ്റ്റിൽ. പാലാരിവട്ടം സ്വദേശിയും ഫുഡ് ഡെലിവറി പാർട്നറുമായ പ്രവീൺ, കോഴിക്കോട് സ്വദേശിനിയും ഡി.ജെയുമായ റസ്‌ലി എന്നിവരാണ് അറസ്റ്റിലായത്. ഇതിനിടെ കരുവേലിപ്പടി ആർ.കെ.പിള്ള റോഡിൽ വാഹനങ്ങൾ കല്ലെറിഞ്ഞ് തകർത്തത് മാനസിക വെല്ലുവിളിയുള്ള ആളാണെന്ന് പൊലീസ് കണ്ടെത്തി.
പാലാരിവട്ടം സംസ്കാര ജംഗ്ഷനിൽ ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് നാട്ടുകാരെ ഒരു യുവാവും യുവതിയും ആക്രമിക്കുന്നുവെന്ന പരാതിയെ തുടർന്ന് പൊലീസ് എത്തിയത്. പൊലീസിനെ കണ്ടതോടെ ആക്രമണം അവർക്ക് നേരെയായി. യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെ പൊലീസ് വാഹനത്തിന്റെ ചില്ല് യുവതി അടിച്ചു തകർത്തു. ഇരുവരെയും കസ്റ്റഡിയിലെടുത്ത പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. കഞ്ചാവ് കേസിൽ ഉൾപ്പെടെ ഇരുവരും പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.
ഇതിനിടെയാണ് കരുവേലിപ്പടിയിലെ റോഡരികിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് കാറുകളുടെയും ഒരു ഓട്ടോറിക്ഷയുടെയും ചില്ലുകൾ എറിഞ്ഞ് തകർത്തതായി കണ്ടെത്തിയത്. പുലർച്ചെ നാലിന് നടന്ന ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ തമിഴ്നാട്ടുകാരനായ മാനസിക വെല്ലുവിളിയുള്ള ആളാണ് അക്രമം നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രദേശവാസികളായ ഉവൈസ്, സഫ്വാൻ, അജ്മൽ എന്നിവരുടെ കാറുകളുടെയും മുഹമ്മദ് ഷമീറിന്‍റ ഓട്ടോയുടെയും ചില്ലുകളാണ് തകർത്തത്. ഇതിനിടെ കരുവേലിപ്പടിയിൽതന്നെ മറ്റൊരു കാറിന്റെയും ചില്ല് അജ്ഞാതനായ ആൾ അടിച്ചുതകർത്തതായി പൊലീസ് കണ്ടെത്തി.