കൊടുങ്ങല്ലൂർ:എറിയാട് യു ബസാറിനു സമീപം വീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ആശുപത്രിയിൽ മരിച്ചു. സംഭവത്തിനു പിന്നിൽ സ്വകാര്യ പണമിടപാടുകാരുടെ ഭീഷണിയും സമ്മർദവുമെന്ന് ആരോപണമുണ്ട്. യു ബസാർ പാലമുറ്റം കോളനിയിൽ വാക്കാശേരി ഷിനി(35)യാണ് മരിച്ചത്. മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളിൽനിന്ന് വാങ്ങിയ വായ്പയുടെ തിരിച്ചടവിനായി കളക്ഷൻ ഏജന്റുമാർ ഷിനി ജോലിചെയ്യുന്ന സ്വകാര്യ ആശുപത്രിയിലും വീട്ടിലുമെത്തി സമ്മർദം ചെലുത്തിവരുകയായിരുന്നു
വ്യാഴാഴ്ച ഉച്ചയോടെ ഏജന്റുമാർ രണ്ട് ബൈക്കുകളിലായി വീട്ടിലെത്തി വരാന്തയിലിരുന്നതായി അയൽവാസികൾ പറയുന്നു. ഇതോടെ വീടിനകത്ത് കയറി ഷിനി വാതിലടച്ചുവെന്നും അപകടം മണത്ത ഏജന്റുമാർ സ്ഥലംവിട്ടുവെന്നും നാട്ടുകാർ പറയുന്നു.
സംശയം തോന്നിയ അയൽവാസികൾ വിളിച്ചിട്ടും വാതിൽ തുറക്കാതായതോടെ ടൈൽസ് പണിക്കാരനായ ഭർത്താവ് രതീഷിനെ അറിയിച്ചു. ജോലിസ്ഥലത്തായിരുന്ന രതീഷ് ഷിനിയുടെ അച്ഛനെ വിവരം അറിയിച്ചതിനെത്തുടർന്ന് അച്ഛൻ എത്തി വിളിച്ചിട്ടും വാതിൽ തുറന്നില്ല. തുടർന്ന് നാട്ടുകാർ ബലംപ്രയോഗിച്ച് വാതിൽ തുറന്നു. ഉടൻ മോഡേൺ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകീട്ട് ആറോടെ മരിച്ചു
മക്കൾ: രാഹുൽ, രുദ്ര (ഇരുവരും എറിയാട് കെ.വി.എച്ച്.എസ്. സ്കൂൾ വിദ്യാർഥികൾ). ഷിനിയുടെ അച്ഛന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു