തൃശ്ശൂർ: കെ വി അബ്ദുൾ ഖാദറിനെ സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. കുന്നംകുളത്ത് നടക്കുന്ന സമ്മേളനമാണ് സ്ഥാനം ഒഴിഞ്ഞ എം എം വർഗീസിന് പകരം പുതിയ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. മൂന്ന് തവണ ഗുരുവായൂർ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ച കെ വി അബ്ദുൽ ഖാദർ നിലവിൽ എൽഡിഎഫ് ജില്ലാ കൺവീനറും പ്രവാസി ക്ഷേമ ബോർഡ് ചെയർമാനുമാണ്. ഡിവൈഎഫ്ഐ മുൻ തൃശൂർ ജില്ലാ പ്രസിഡൻ്റാണ്. 1991 മുതൽ സിപിഐ എം ചാവക്കാട് എരിയ കമ്മറ്റിയംഗമാണ്. 1997 മുതൽ പാർട്ടി എരിയ സെക്രട്ടറിയായി. തുടർന്ന് സിപിഐ എം ജില്ലാ കമ്മറ്റിയംഗമായും സെക്രട്ടറിയറ്റ് അംഗമായും മാറി. മത്സ്യതൊഴിലാളി ഫെഡറേഷൻ (സിഐടിയു )ജില്ലാ പ്രസിഡന്റ്, ബീഡി വർക്കേഴ്സ് യൂണിയൻ (സിഐടിയു) പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 1979ൽ കെഎസ്‌വൈഎഫ് ബ്ലാങ്ങാട് യുണിറ്റ് സെക്രട്ടറിയായാണ് രംഗത്തെത്തിയത്. ദേശാഭിമാനിയുടെ ഗുരുവായൂർ ലേഖകനായി 12 വർഷത്തോളം പ്രവർത്തിച്ചിട്ടുണ്ട്. ഡിവൈഎഫ്ഐ ജില്ല പ്രസിഡന്റ് ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇംഗ്ലീഷ്, ഹിന്ദി, അറബി, എന്നീ ഭാഷകളറിയാം. 1997 ജൂൂലൈയിൽ ക്യൂബൻ തലസ്ഥാനമായ ഹവാനയിൽ നടന്ന 14–-ാം ലോക യുവജന സമ്മേളനത്തിൽ ഡിവൈഎഫ്ഐ പ്രതിനിധി സംഘാംഗമായി പങ്കെടുത്തിട്ടുണ്ട്. റഷ്യ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ സന്ദർശിച്ചിട്ടുണ്ട്. പ്രവാസമേഖലകളിൽ ദുരിതമനുഭവിക്കുന്ന നിരവധിപേരെ രക്ഷിക്കുന്നതിനും സഹായിക്കുന്നതിനും നിരന്തരം ഇടപെടുന്ന പൊതുപ്രവർത്തകൻ കൂടിയാണ് കെ വി അബ്ദുൾ ഖാദർ.