തൃത്താല ഹെെസ്‌കൂൾ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ദുരൂഹത. കെട്ടിടത്തിനരികെ അജ്ഞാതരായ മൂന്ന് പേരുടെ സാന്നിദ്ധ്യം കണ്ടെത്തി. അന്വേഷണം ആവശ്യപ്പെട്ട് സ്കൂൾ അധികൃതർ തൃത്താല പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്ലസ്ടു, പത്താം ക്ലാസ് പരീക്ഷ നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് തൃത്താല ഡോ. കെ ബി മോനോൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്.ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ സ്കൂൾ ഓഫീസിന് പിൻവശത്തെ ബസ് ഷെഡിന്റെ മുകളിലാണ് തീ പടർന്ന് പിടിച്ചത്. ഉടൻ തന്നെ സ്കൂൾ പ്രധാനാദ്ധ്യാപകനായ രാജേഷ് രാമചന്ദ്രൻ, ഓഫീസ് അറ്റൻഡർ അബ്ദുൽ കബീർ, പരിസരവാസികൾ എന്നിവർ ചേർന്ന് വെള്ളമൊഴിച്ച് തീ കൂടുതൽ ഭാഗത്തേക്ക് പടരാതെ തടഞ്ഞു. പിന്നാലെ പട്ടാമ്പിയിൽ നിന്ന് രണ്ട് ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തി തീ പൂർണമായും അണച്ചു. തീ അണക്കുന്നതിനിടെ മേൽക്കൂരയിൽ പാതി കത്തിക്കൊണ്ടിരിക്കുന്ന വിറക് കഷ്ണം കണ്ടെത്തിയതോടെയാണ് സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന് മനസിലായത്.
സമീപത്തായി കരിയിലകൾ കൂട്ടിയിട്ട് കത്തിച്ചതായും കണ്ടെത്തി. ഈ കെട്ടിടത്തിനരികിൽ അജ്ഞാതരായ മുവർ സംഘത്തെ സമീപത്ത് ആട് മേയ്ക്കുന്നതിന് എത്തിയ വയോധികൻ കാണുകയും ചെയ്തു. ഉത്തരപേപ്പറുകളും ഹയർ സെക്കൻഡറി ചോദ്യപേപ്പറുകളും സൂക്ഷിക്കാറുള്ള മുറിയുടെ തൊട്ടടുത്തായുള്ള തീ പിടിത്തത്തെ സ്കൂൾ അധികൃതർ അതീവ ഗൗരവകരമായാണ് കാണുന്നത്.