കോഴിക്കോട്: മുക്കത്ത് സങ്കേതം ഹോട്ടലിലെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതികൾ കീഴടങ്ങി. ഇതേ ഹോട്ടലിലെ ജീവനക്കാരായ റിയാസ്, സുരേഷ് എന്നീ പ്രതികൾ താമരശ്ശേരി കോടതിയിലാണ് കീഴടങ്ങിയത്. ഹോട്ടലുടമ ദേവദാസിനെ ഇന്നലെ അറസ്റ്റു ചെയ്ത്, തെളിവെടുപ്പ് നടത്തി റിമാൻഡ് ചെയ്തിരുന്നു. റിയാസിനെയും സുരേഷിനെയും അറസ്റ്റ് ചെയ്ത ശേഷം മൂവരേയും ഒരുമിച്ച് കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസ് ആലോചന. പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്ന നടപടികളും പൊലീസ് വൈകാതെ പൂർത്തിയാക്കും. ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടടുത്ത നേരത്താണ് യുവതിയുടെ താമസ സ്ഥലത്തേക്ക് ഹോട്ടൽ ഉടമ ദേവദാസും ജീവനക്കാരായ റിയാസും സുരേഷും കയറി ചെല്ലുന്നത്. ഈ സമയത്ത് വിഡിയോ ഗെയിമിങ്ങിലായിരുന്നു യുവതി. വീട്ടിൽ അതിക്രമിച്ചു കയറിയ മൂവരും ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് യുവതി മുക്കം പൊലീസിന് മൊഴി നൽകിയത്. പ്രതികളിൽ നിന്ന് കുതറിമാറി പ്രാണ രക്ഷാർത്ഥം പെൺകുട്ടി കെട്ടിടത്തിൽ നിന്ന ചാടി. നട്ടെല്ലിനടക്കം പരുക്കേറ്റ യുവതി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്. മൂന്ന് മാസമായി യുവതി മുക്കത്തെ ഹോട്ടലിൽ ജീവനക്കാരിയാണ്. പെൺകുട്ടിയുടെ വിശ്വാസ്യത നേടിയ ശേഷം ഹോട്ടൽ ഉടമ പ്രലോഭനത്തിന് ശ്രമിച്ചിരുന്നു എന്ന് കുടുബം ആരോപിക്കുന്നു. ഇത് സംബന്ധിച്ച ഡിജിറ്റൽ തെളിവുകൾ കൈവശമുണ്ടന്നും കുടുംബം അവകാശപ്പെട്ടു. ഹോട്ടലിലെ സിസിടിവി അടക്കം വീണ്ടെടുത്ത് പരിശോധിക്കേണ്ടതുണ്ടെന്നും അന്വേഷണം ഊർജ്ജിതമാക്കിയെന്നും പൊലീസ് പറയുന്നു. ഇതിനിടെ അക്രമം നടന്ന സമയത്തെ വീഡിയോ ദൃശ്യം യുവതിയുടെ കുടുംബം പുറത്തുവിട്ടിരുന്നു.