തിരുവനന്തപുരം : സംസ്ഥാനത്തെ ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി 5 വരെ നീട്ടിയതായി മന്ത്രി ജി ആർ അനിൽ അറിയിച്ചു. ഫെബ്രുവരി 6-ാം തീയതി മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികൾക്ക് അവധി ആയിരിക്കുമെന്നും 7 മുതൽ ഫെബ്രുവരി മാസത്തെ റേഷൻ വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് (ഫെബ്രുവരി 3) വൈകിട്ട് 5.15 വരെ 77.96 ശതമാനം കാർഡ് ഉടമകൾ റേഷൻ കൈപ്പറ്റിയിട്ടുണ്ട്. ഇന്ന് മാത്രം 1,67,570 കാർഡ് ഉടമകൾ റേഷൻ കൈപ്പറ്റിയിട്ടുണ്ട്. സംസ്ഥാനത്തെ മുൻഗണനാ വിഭാഗത്തിൽപ്പെട്ട എഎവൈ കാർഡുകാരിൽ 95.61 ശതമാനവും പിഎച്ച്എച്ച് വിഭാഗത്തിൽ 91.37 ശതമാനവും റേഷൻ കൈപ്പറ്റിയിട്ടുണ്ട്. ഗതാഗത കരാറുകാരുടെ പണിമുടക്ക് കാരണം ഭക്ഷ്യധാന്യങ്ങളുടെ വാതിൽപ്പടി വിതരണം പൂർത്തീകരിക്കുന്നതിൽ കാലതാമസമുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ 9 ദിവസമായി വാതിൽപ്പടി വിതരണം പരമാവധി വേഗതയിൽ നടന്നു വരികയാണ്. എന്നാൽ, സംസ്ഥാനത്തെ ചില റേഷൻ കടകളിൽ മുഴുവൻ കാർഡുകാർക്കും വിതരണം ചെയ്യുന്നതിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ എത്തിയിട്ടില്ല എന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഈ സാഹചര്യത്തിലാണ് ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി 5 വരെ ദീർഘിപ്പിച്ചതെന്നും മന്ത്രി അറിയിച്ചു.