ഭാര്യയെ ദുരൂഹസാഹചര്യത്തിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ ചോദ്യം ചെയ്യുന്നു. കുളക്കട പഞ്ചായത്തിലെ പൂവറ്റൂർ പടിഞ്ഞാറ് നെടുവേലിൽ ഭാഗത്തു വാടകയ്ക്കു താമസിക്കുന്ന പൂവറ്റൂർ പടിഞ്ഞാറ് ബിജുഭവനിൽ എസ്.ബീനയെ (48) ആണ് വീട്ടിലെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് സന്തോഷ്കുമാറിനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
ഇന്നലെ ഉച്ചയോടെയാണ് സംഭവം പുറത്തറിയുന്നത്. പൊലീസ് പറഞ്ഞത്: സന്തോഷ്കുമാറും ബീനയും ബീനയുടെ അമ്മ സേതുക്കുട്ടിയമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്. കഴിഞ്ഞ രാത്രിയിൽ വീട്ടിൽ മദ്യലഹരിയിൽ വഴക്കായിരുന്നു. ഇതിനിടയിൽ എപ്പോഴോ ബീന തൂങ്ങിമരിക്കാൻ ശ്രമിച്ചതാണ്. സംഭവം ശ്രദ്ധയിൽപ്പെട്ട സന്തോഷ്കുമാർ കെട്ട് അറുത്തു ബീനയെ കട്ടിലിൽക്കിടത്തി. രാവിലെ സേതുക്കുട്ടിയമ്മ സമീപസ്ഥലത്തു ജോലിക്കും പോയി. ഉച്ചയായിട്ടും ബീനയ്ക്ക് അനക്കമില്ലെന്നു സന്തോഷ് വിളിച്ചറിയിച്ചത് അനുസരിച്ച് പ്രദേശവാസിയായ യുവാവിനെയും കൂട്ടി സേതുക്കുട്ടിയമ്മ വീട്ടിലെത്തി. അപ്പോൾ വീട് അകത്തു നിന്നു കുറ്റിയിട്ട നിലയിലായിരുന്നു
ഇവർ വിളിച്ചപ്പോൾ സന്തോഷ് തന്നെയാണു വാതിൽ തുറന്നത്. പുത്തൂരിൽ നിന്നു പൊലീസെത്തി നടത്തിയ പരിശോധനയിലാണ് ബീന മരിച്ചുകിടക്കുകയാണെന്നു ബോധ്യപ്പെട്ടത്. മൃതദേഹം ഉടൻ തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. സന്തോഷിനെയും സേതുക്കുട്ടിയമ്മയെയും പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സേതുക്കുട്ടിയമ്മയെ വൈകിട്ടോടെ വിട്ടയച്ചെങ്കിലും സന്തോഷ് കസ്റ്റഡിയിൽ തുടരുകയാണ്. സംഭവത്തെക്കുറിച്ചു വിശദമായി അന്വേഷിച്ചു വരികയാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട് കൂടി ലഭിച്ചാൽ മാത്രമേ കൂടുതൽ വ്യക്തത വരൂ എന്നും ഐഎസ്എച്ച്ഒ സി.ബാബുക്കുറുപ്പ്, എസ്ഐ ടി.ജെ.ജയേഷ് എന്നിവർ അറിയിച്ചു.
തൊഴിലുറപ്പിനും കൂലിപ്പണിക്കും പോകുന്നവരായിരുന്നു ബീനയും സന്തോഷും. ബീനയുടെ പിതാവ്: പരേതനായ വിജയൻപിള്ള. മക്കൾ: ഹരികൃഷ്ണൻ, കാർത്തിക കൃഷ്ണൻ