ആലപ്പുഴ മാന്നാറിൽ വൃദ്ധമാതാപിതാക്കളെ വീടിന് തീ വെച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയെ ഇന്ന് മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കും. 90വയസ് കഴിഞ്ഞ രാഘവൻ, ഭാര്യ ഭാരതി എന്നിവരാണ് ഇന്നലെ കത്തിയമർന്ന വീടിനുള്ളിൽ ദാരുണമായി കൊല്ലപ്പെട്ടത്. കേസിലെ പ്രതിയായ അറുപതുകാരനായ മകൻ വിജയനെയാണ് മജിസ്‌ട്രേറ്റിന് മുമ്പിൽ ഹാജരാക്കുക
പ്രതിയുമായി മാന്നാർ പൊലീസ് ഇന്നലെ തന്നെ സംഭവസ്ഥലത്ത് എത്തി പ്രാഥമിക തെളിവെടുപ്പ് നടത്തിയിരുന്നു. സ്വത്ത് തർക്കവും കുടുംബപ്രശ്നവുമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പൊലീസിനോട് പറഞ്ഞിരുന്നു. വിവിധ പെട്രോൾ പമ്പുകളിൽ നിന്നായി വാങ്ങിയ 600 രൂപയുടെ പെട്രോൾ ഉപയോഗിച്ചാണ് ഇയാൾ വീടിന് തീയിട്ടത്. പ്രതി പെട്രോൾ കുപ്പിയിൽ വാങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ പൊലിസ് ശേഖരിച്ചു. കൊലപാതകം, വീടിന് തീവെയ്ക്കൽ ഉൾപ്പടെയുള്ള ഗുരുതരമായ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്