വയനാട് വെള്ളമുണ്ട വെള്ളിലാടിയിൽ അന്യസംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിമൃതദേഹം കഷണങ്ങളാക്കി ബാഗിലാക്കിയ സംഭവത്തിൽ ദമ്പതികൾ അറസ്റ്റിൽ. ഉത്തർപ്രദേശ് സഹറാൻപുർ സ്വദേശികളായ മുഹമ്മദ് ആരിഫ്, ഭാര്യ സൈനബ് എന്നിവരാണ് അറസ്റ്റിലായത്. സഹറാൻപുർ സ്വദേശിയായ മുഖീം അഹമ്മദ് ആണ് കൊല്ലപ്പെട്ടത്. ഭാര്യയുമായി മുഖീമിന് ബന്ധമുണ്ടെന്ന സംശയത്തിലാണ് കൊലപാതകം. വെള്ളിലാടിയിലെ ക്വാർട്ടേഴ്സിലേക്ക് വിളിച്ചുവരുത്തി കഴുത്തിൽ തോർത്ത് മുറുക്കിയാണ് കൊന്നത്.മൃതദേഹം കഷണങ്ങളാക്കി രണ്ട് ബാഗുകളിലാക്കി ബാഗുകൾ ഓട്ടോയിൽ കയറ്റി വലിച്ചെറിയുകയായിരുന്നു. കൊലയ്ക്ക് ഭാര്യ ഒത്താശ ചെയ്തുവെന്നാണ് പൊലീസ് കണ്ടെത്തൽ. ക്വാർട്ടേഴ്സിൽ രക്തം തുടച്ച് ശുചീകരിച്ചത് ആരിഫും സൈനബും ചേർന്നായിരുന്നു.
പുതുതായി വാങ്ങിയ കത്തികൊണ്ട് മൃതദേഹം അറുത്തുമാറ്റി ബാഗുകളിലാക്കി മാലിന്യമെന്ന വ്യാജേനയാണ് ഓട്ടോറിക്ഷയിൽ കയറ്റി മൂളിത്തോട് പാലത്തിന് സമീപം ഉപേക്ഷിച്ചത്. സംശയം തോന്നിയ ഓട്ടോ ഡ്രൈവറാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് ബാഗിനുള്ളിൽ കഷണങ്ങളാക്കിയ മൃതദേഹം കണ്ടെത്തിയത്. ഒരു ബാഗ് പാലത്തിനടിയിൽ തോടിന്റെ കരയിലും മറ്റൊന്ന് റോഡരികിലുമാണ് ഉണ്ടായിരുന്നത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സുരേഷ്കുമാറാണ് കേസ് അന്വേഷിച്ചത്.