വൃദ്ധ മാതാപിതാക്കളെ വീട്ടിൽ നിന്ന് പുറത്താക്കി ഗേറ്റ് പൂട്ടിയ സംഭവത്തിൽ കേസെടുത്തതിന് പിന്നാലെ താക്കോൽ തിരിച്ച് നൽകി മകൾ. വീട്ടിൽ നിന്ന് വൃദ്ധ മാതാപിതാക്കളെ പുറത്താക്കിയ സംഭവത്തിൽ മകളെയും മരുമകനെയും പ്രതി ചേർത്ത് അയിരൂർ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വീടിന്റെ താക്കോൽ മാതാപിതാക്കൾക്ക് തിരിച്ച് നൽകിയത്. അയിരൂർ തൃമ്പല്ലൂർ ക്ഷേത്രത്തിന് സമീപം വൃന്ദാവനത്തിൽ സുഷമ(72), ക്യാൻസർ രോഗിയായ ഭർത്താവ് സദാശിവൻ (79) എന്നിവരെ വെള്ളിയാഴ്ച വൈകിട്ട് വീടിന് പുറത്താക്കിയെന്ന പരാതിയിലാണ് മകൾ സിജി,വയനാട്ടിൽ ഫാർമസിസ്റ്റായി ജോലി ചെയ്യുന്ന ഭർത്താവ് ബാഹുലേയൻ എന്നിവർക്കെതിരെ പൊലീസ് നിയമനടപടി സ്വീകരിച്ചത്. മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും പരിപാലനവും ക്ഷേമവും നിയമത്തിന്റെ 24-ാം വകുപ്പും,വഞ്ചനാപരമായ പ്രേരണ,തെറ്റായ വാഗ്ദാനങ്ങൾ, പ്രധാനപ്പെട്ട വസ്തുതകൾ മറയ്ക്കൽ എന്നിവ ചുമത്തിയുമാണ് കേസ്.
സിജിയുടെ വീടിന്റെ ജപ്തിയൊഴിവാക്കുന്നതിനായി മാതാപിതാക്കൾ ഇവരുടെ വീട് വിറ്റ് 35 ലക്ഷം രൂപ നൽകിയിരുന്നു. മറ്റൊരു വീട് വാങ്ങുന്നതിനായി രണ്ട് വർഷത്തിനകം ഈ തുക തിരികെ നൽകാമെന്ന് കാട്ടി സിജി 2019ൽ കരാർ ഒപ്പിട്ട് നൽകുകയും ചെയ്തു. എന്നാൽ അഞ്ച് വർഷമായിട്ടും പണം തിരികെ നൽകാൻ കൂട്ടാക്കിയില്ലെന്നും മകളിൽ നിന്ന് മാനസികമായും ശാരീരികമായും മാതാപിതാക്കൾ ഉപദ്രവം നേരിട്ടുവെന്നും എഫ്.ഐ.ആറിൽ പറയുന്നു.
മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സബ് കളക്ടർ ഇരുകൂട്ടരുമായി സംസാരിക്കുകയും മാതാപിതാക്കളെ വീട്ടിൽ താമസിപ്പിക്കണമെന്നും കരാർ അനുസരിച്ച് പണം തിരികെ നൽകണമെന്നും നിർദ്ദേശിച്ചു. എന്നാൽ വീട്ടിൽ തിരികെയെത്തിയ മകൾ വീടും ഗേറ്റും പൂട്ടിയിട്ടു. ഇതോടെ മാതാപിതാക്കൾക്ക് തിരികെ വീട്ടിൽ പ്രവേശിക്കാൻ കഴിയാതെ വന്നതോടെ നാട്ടുകാർ ഗേറ്റിന്റെ പൂട്ട് പൊളിക്കുകയും പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു.
രാത്രി വൈകിയും പ്രശ്നം പരിഹരിക്കുന്നതിന് പൊലീസ് ശ്രമിച്ചെങ്കിലും മകൾ വഴങ്ങാതെ വന്നതോടെയാണ് കേസെടുത്തത്. സദാശിവനും സുഷമയും ബന്ധുവീട്ടിലാണ് വെള്ളിയാഴ്ച രാത്രി കഴിഞ്ഞത്. നിയമ നടപടിയോടെ പ്രശ്നം കൂടുതൽ വഷളാകുമെന്ന് ബോദ്ധ്യപ്പെട്ട ബന്ധുക്കളും മറ്റ് മക്കളും ചേർന്ന് രമ്യതയിൽ പരിഹാരം കാണുന്നതിനുള്ള ശ്രമങ്ങളും നടത്തിയിരുന്നു.
അതേസമയം, സാമൂഹ്യനീതി വകുപ്പ് ഡയറക്ടറും മെയിന്റനൻസ് ട്രൈബ്യൂണൽ ആർ.ടി.ഒയും സംഭവമന്വേഷിച്ച് നടപടികൾ സ്വീകരിക്കുമെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു വാർത്താക്കുറിപ്പിൽ അറിയിച്ചു.വൃദ്ധമാതാപിതാക്കൾക്കുണ്ടായ ദുരനുഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്നും ദമ്പതികൾക്ക് ആവശ്യമായ സംരക്ഷണം ഉറപ്പാക്കണമെന്നുമാണ് മന്ത്രി സാമൂഹ്യ നീതി വകുപ്പ് ഡയറക്ടറോടും ആർ.ഡി.ഒയോടും ആവശ്യപ്പെട്ടിട്ടുള്ളത്.