മൂന്നാമത് നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരണം പുരോഗമിക്കുമ്പോള്‍ കേരളത്തെ പൂര്‍ണമായും തഴഞ്ഞ നിലയിലാണ്. വയനാടിന് സഹായമില്ല. ഒപ്പം വിഴിഞ്ഞതിനും ഒരു പരിഗണനയും ലഭിക്കാത്ത ബജറ്റില്‍ മലയോര ജനതയ്ക്കും നിരാശയാണ് ഫലം. മോദി സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടി ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ആരംഭിച്ച ബജറ്റില്‍ വലിയ പ്രതീക്ഷയോടെയാണ് കേരളവും നോക്കി കണ്ടത്. വയനാട് പുനരധിവാസത്തിനും വിഴിഞ്ഞം തുറമുഖത്തിനും പ്രത്യേക പാക്കേജ് വേണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. 24,000 കോടി രൂപയുടെ കേരളം ആവശ്യപ്പെട്ട പാക്കേജ്, ശബരി റെയില്‍പാത, കെ റെയില്‍ തുടങ്ങിയ കേരളത്തിന്റെ ആവശ്യങ്ങളൊന്നും പരിഗണിച്ചിട്ടില്ല. വയനാട് ദുരിതാശ്വാസത്തിനായി 2000 കോടിയുടെയും വന്യജീവി പ്രശ്‌നം പരിഹരിക്കാൻ 1000 കോടിയുടെയും പാക്കേജും രാജ്യത്തെ ഏറ്റവും പ്രധാന തുറമുഖമായി മാറുന്ന വിഴിഞ്ഞത്തിനായി 5,000 കോടിയുടെ പ്രത്യേക പാക്കേജും ആവശ്യപ്പെട്ടിരുന്നു. അതേസമയം ബിഹാറില്‍ മഖാന ബോര്‍ഡ്, പട്ന ഐഐടി വിപുലീകരിക്കും, ബിഹാറില്‍ ഫുഡ് ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, ബിഹാറിനെ ഫുഡ് ഹബ്ബാക്കും, ബിഹാറില്‍ ഗ്രീന്‍ ഫീല്‍ഡ് എയര്‍പോര്‍ട്ട് തുടങ്ങിയ വാഗ്ദാനങ്ങളാണ് മോദി സര്‍ക്കാര്‍ നിയമസഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ ബീഹാറിന് നല്‍കിയത്. ഇതിനെതിരെ വലിയ പ്രതിഷേധമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്.തുടര്‍ച്ചയായി എട്ടാം തവണയാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നത്. അങ്ങേയറ്റം സങ്കീർണമായ സാഹചര്യത്തിലാണ് നിർമല സീതാരാമൻ തന്റെ, തുടർച്ചയായ എട്ടാം ബജറ്റ് അവതരിപ്പിക്കുന്നത്. നടപ്പു സാമ്പത്തികവർഷം ഇന്ത്യയുടെ വളർച്ച നിരക്ക് 6.4 ശതമാനമായി കുറയുമെന്ന സാമ്പത്തികസർവേ നേരത്തെ പുറത്തു വന്നതിന് പിന്നാലെയാണ് ബജറ്റ് അവതരണം.