പാലക്കാട് തൃത്താലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വെള്ളിയാങ്കല്ല് റെഗുലേറ്റര്‍ കം ബ്രിഡ്ജിലെ വിളക്കുകള്‍ കണ്ണടച്ചിട്ട് ഒരുമാസം. കുടിശികയെത്തുടര്‍ന്ന് കെ.എസ്.ഇ.ബി വൈദ്യുതി വിച്ഛേദിച്ചതാണ് പ്രതിസന്ധി. വെള്ളിയാങ്കല്ല് പാലത്തിലെ ഇരുട്ട് മാറ്റണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടിയില്ലെന്നാണ് നാട്ടുകാരുടെ പരാതി.ഇരുട്ട് വീണാൽ വെള്ളിയാങ്കല്ല് പാലം കടക്കണമെങ്കിൽ കാൽനടയാത്രക്കാർക്ക് വാഹനങ്ങളുടെ പ്രകാശത്തെ ആശ്രയിക്കണം. അപകടഭീഷണി ഏറെയാണ്. 295 മീറ്റർ നീളമുള്ള പാലത്തിനു മുകളിൽ 24 വൈദ്യുത വിളക്കുകളാണുള്ളത്. കഴിഞ്ഞമാസം വൈദ്യുതി വിച്ഛേദിച്ചതോടെ പാലം പൂർണമായി ഇരുട്ടിലായി. 13000 രൂപയാണു കുടിശികയായി കെ.എസ്.ഇ.ബിക്ക് നൽകാനുള്ളത്.വെളിച്ചം നിലച്ചതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥരോടും ജനപ്രതിനിധികളോടും നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്ന് നാട്ടുകാര്‍. തുക ഉടൻ അനുവദിക്കാമെന്നും അതുവരെ വൈദ്യുതി വിച്ഛേദിക്കരുതെന്നും ചൂണ്ടിക്കാട്ടികെ.എ സ്.ഇ.ബിക്ക് ഉദ്യോഗസ്ഥര്‍ കത്തു നൽകിയിരുന്നെങ്കിലും ഫലമുണ്ടായില്ല. തൃത്താലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വെള്ളിയാങ്കല്ല് പൈതൃക പാർക്കിലേക്ക് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധിപേരാണ് ദിവസേനയെത്തുന്നത്. അസ്തമയം കാണാന്‍ തിരക്കുണ്ടായിരുന്നിടത്ത് വിളക്കുകള്‍ അണഞ്ഞതോടെ സഞ്ചാരികള്‍ക്കും കുറവുണ്ടായിട്ടുണ്ട്.