കൊൽക്കത്ത: സിപിഐഎമ്മിൻറെ ചരിത്രത്തിലെ ആദ്യ വനിതാ ജില്ലാ സെക്രട്ടറിയായി ദേബ്‌ലിന ഹെംബ്രാം തിരഞ്ഞെടുക്കപ്പെട്ടു. പശ്ചിമ ബംഗാളിലെ ആദിവാസി മേഖലയായ ജംഗൽമഹലിൽ വരുന്ന ബാങ്കുറ ജില്ലയുടെ സെക്രട്ടറിയായാണ് ആദിവാസി വനിതകൂടിയായ ദേബ് ലീന തിരഞ്ഞെടുക്കപ്പെട്ടത്. മുൻ മന്ത്രിയായിരുന്നു.
നിലവിൽ സിപിഐഎമ്മിന്റെ കേന്ദ്രക്കമ്മിറ്റി അംഗവും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും കൂടിയാണ് ദേബ് ലീന. സിപിഐഎമ്മിന്റെ സംഘടനാരീതിയനുസരിച്ച് ജില്ലാ, സംസ്ഥാന, കേന്ദ്രക്കമ്മിറ്റികളിൽ ഒരേസമയം ഭാരവാഹിത്വം പതിവില്ല. ദേബ് ലീനയുടെ കാര്യത്തിൽ പിബിയുടെ അനുമതിയോടെ പ്രത്യേക ഇളവിന് അനുമതിവേണ്ടിവരും.
1996 മുതൽ 2016 വരെ ബാങ്കുറയിലെ റാണിബാധ് നിയമസഭാമണ്ഡലത്തിൽനിന്നും തുടർച്ചയായി എംഎൽഎയായിരുന്നു ദേബ് ലീന. ബുദ്ധദേബ് ഭട്ടാചാര്യ മന്ത്രിസഭയിൽ ആദിവാസി ക്ഷേമവകുപ്പ് കൈകാര്യം ചെയ്തിരുന്നു. ബാങ്കുറ ജില്ല നേരത്തെ സിപിഐഎമ്മിന്റെ ശക്തികേന്ദ്രമായിരുന്നു. എന്നാലിന്ന് ബിജെപിയും തൃണമൂലും ജില്ലയിൽ പിടിമുറുക്കിയിരിക്കുകയാണ്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപായി പാർട്ടിയുടെ നില മെച്ചപ്പെടുത്തുകയെന്ന വെല്ലുവിളിയാണ് ദേബ് ലീനയ്ക്ക് മുന്നിലുള്ളത്.
ഡിവൈഎഫ്ഐ മുൻ ദേശീയ സെക്രട്ടറി അഭയ് മുഖർജി, ബാങ്കുറ ജില്ലാ പരിഷത്ത് മുൻ അദ്ധ്യക്ഷൻ പാർഥ പ്രതിം മജുംദാർ എന്നീ പേരുകളാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ഉയർന്നുവന്നതെങ്കിലും ഇവരുടെ മത്സരം ഒഴിവാക്കാൻ സിപിഐഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം, മുൻ ജില്ലാ സെക്രട്ടറി അമിയ പത്ര എന്നിവർ ഇടപെട്ട് ദേബ് ലീനയെ സമവായ സ്ഥാനാർഥിയായി നിർദേശിക്കുകയായിരുന്നു.