തൃശ്ശൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിസോൺ കലോത്സവവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ മൂന്ന് കെഎസ്‌യു നേതാക്കൾ അറസ്റ്റിൽ. കെഎസ്‌യു ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂർ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സുദേവ്, സംസ്ഥാന ട്രഷറർ സച്ചിൻ എന്നിവരാണ് അറസ്റ്റിലായത്.
ആലുവയിൽ നിന്നാണ് മാള പൊലീസ് ഇവരെ പിടികൂടിയത്. എസ്എഫ്ഐ നേതാക്കളുടെ പരാതിയിൽ ഇന്നലെ ഇവരുൾപ്പെടെ കണ്ടാലറിയാവുന്ന 14 പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു.
കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിൽ കേരളവർമ കോളേജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ആഷിഖിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ആഷിഖ് ഇപ്പോൾ തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ആഷിഖിന്‍റെ മൊഴിയെടുത്ത ശേഷമാണ് കെഎസ്‍യു നേതാക്കളെ അറസ്റ്റ് ചെയ്തത്.
മാളയിൽ നടന്ന കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിനിടെയാണ് സംഘർഷമുണ്ടായത്. കെഎസ്‌യു ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂരിൻ്റെ നേതൃത്വത്തിലുള്ള സംഘം അതിക്രമം അഴിച്ചുവിട്ടെന്നായിരുന്നു എസ്എഫ്ഐ ആരോപിച്ചിരുന്നത്. എസ്എഫ്ഐ പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കെഎസ്‌യുവും ആരോപിച്ചു. പൊലീസെത്തി ലാത്തിവീശിയതോടെയാണ് സംഘർഷത്തിന് അയവുവന്നത്