തൃശൂർ: ഡി സോൺ കലോത്സവത്തിനിടെയുണ്ടായ സംഘർഷത്തിന് ശേഷം രക്ഷപ്പെടുന്നതിനായി കെഎസ്‌യു പ്രവർത്തകർ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് എസ്എഫ്‌ഐ. കെഎസ്‌യു പ്രവർത്തകർ ആംബുലസിന്റെ ഉളളിൽ നിന്ന് എടുത്ത സെൽഫി എസ്എഫ്‌ഐ പുറത്തുവിട്ടു.
ആശുപത്രിയിലേക്ക് എന്ന പേരിലാണ് കെഎസ്‌യു പ്രവർത്തകർ ആംബുലൻസിൽ കയറിയത്. അക്രമം നടത്തിയ ശേഷം രക്ഷപ്പെടാനാണ് കെഎസ്‌യു ആംബുലൻസ് ഉപയോഗിച്ചതെന്നും എസ് എഫ് ഐ ആരോപിച്ചു. ആംബുലൻസിനകത്ത് കെഎസ്‌യു പ്രവർത്തകർ ചിരിച്ചു നിൽക്കുന്ന ഫോട്ടോയാണ് എസ്എഫ്‌ഐ പുറുത്തുവിട്ടത്.കെഎസ്‌യു പ്രവർത്തകൻ വാട്സ്ആപ്പ് സ്റ്റാറ്റസായി വെച്ച ഫോട്ടോയാണ് എസ് എഫ് ഐ പുറുത്തുവിട്ടത്.
കെഎസ്‌യു പ്രവർത്തകരുമായി പോയ ആംബുലൻസിന് നേരെ ഇന്നലെ കല്ലേറുണ്ടായിരുന്നു. ആംബുലൻസിന് മുമ്പിൽ കാർ കുറുകെയിട്ട് കല്ലേറ് നടത്തുകയായിരുന്നു. ഈ സംഭവത്തിന് പിന്നിൽ എസ്എഫ്‌ഐ ആണെന്ന് ആരോപണമുയർന്നിരുന്നു. എന്നാൽ ആംബുലൻസിനെ ആക്രമിച്ചത് തങ്ങളല്ലെന്ന് എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ജിഷ്ണു സത്യൻ പറഞ്ഞിരുന്നു.മാളയിൽ നടന്ന കാലിക്കറ്റ് സർവ്വകലാശാല ഡി സോൺ കലോത്സവത്തിലാണ് കെഎസ്‌യു-എസ്എഫ്‌ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. കെഎസ്‌യു ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂരിൻ്റെ നേതൃത്വത്തിലുള്ള സംഘം അതിക്രമം അഴിച്ച് വിട്ടെന്നാണ് എസ്എഫ്‌ഐ ആരോപിക്കുന്നത്. ഇരുസംഘടനകളും ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എസ്എഫ്‌ഐ പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കെഎസ്‌യുവും ആരോപിച്ചു. പൊലീസെത്തി ലാത്തിവീശിയതോടെയാണ് സംഘർഷം അയഞ്ഞത്.