സംയോജിത ജലവിഭവ പരിപാലന പദ്ധതികളുടെ റിപ്പോര്‍ട്ടുകളുടെ പ്രകാശനവും സുസ്ഥിര തൃത്താല റിപ്പോര്‍ട്ടുകളുടെ പ്രകാശനവും നടന്നു. പാലക്കാട് നടന്ന ചടങ്ങിൽ മന്ത്രിമാരായ എം ബി രാജേഷ്, കെ കൃഷ്ണൻകുട്ടി എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. സുസ്ഥിരതയിലൂന്നിയ വികസന പദ്ധതികളിലൂടെ മാത്രമേ നാടിന്റെ മുന്നേറ്റം സാധ്യമാവൂ എന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.പാലക്കാട് തൃത്താല മണ്ഡലത്തില്‍ നടപ്പിലാക്കിയ ‘സുസ്ഥിര തൃത്താല’ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് ഒട്ടേറെ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചതായി മന്ത്രി എം.ബി രാജേഷ് പറഞ്ഞു. പദ്ധതിയുടെ ഭാഗമായി കാര്‍ഷിക വികസനം, ജലസംരക്ഷണം, മാലിന്യസംസ്‌കരണം, പരിസ്ഥിതി പുനഃസ്ഥാപനം, ജീവനോപാധികളുടെ വികസനം തുടങ്ങിയ മേഖലകളില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞുവെന്നു മന്ത്രി കൂട്ടിച്ചേർത്തു.ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയുള്ള ശാസ്ത്രീയ കൃഷി രീതി കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. പാലക്കാട്, കാസറകോട് ജില്ലകളുടെ സംയോജിത ജലവിഭവ പരിപാലന പദ്ധതികളുടെ റിപ്പോര്‍ട്ടുകളുടെ പ്രകാശനവും സുസ്ഥിര തൃത്താല റിപ്പോര്‍ട്ടുകളുടെ പ്രകാശനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രിമാർ. പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷത വഹിച്ചു.