പൊന്നാനി: നിർദ്ദിഷ്ട നേഷണൽ ഹൈവേ ആറ് വരി പാതയിലെ കാസർകോട് – തിരുവനന്തപുരം റൂട്ടിലെ പ്രധാന ഹബ്ബായി പൊന്നാനി കെ.എസ്. ആർ.ടി.സി. ബസ് സ്റ്റേഷനെ ഉയർത്തണമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാറിനോട് ഡി.സി.സി. ജനറൽ സെക്രട്ടറി ടി.കെ. അഷറഫ് തിരുവനന്തപുരത്ത് വെച്ച് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.അഞ്ച് ഏക്കറോളം വരുന്ന പൊന്നാനി സ്റ്റേഷന്റെ ഇപ്പോഴത്തെ സ്ഥിതി പരിതാപകരമാണെന്ന് മന്ത്രിയോട് വിവരിച്ചു. രാത്രി കാലങ്ങളിൽ സാമൂഹ്യ വിരുദ്ധരുടെ വിരഹ കേന്ദ്രമായി മാറാതിരിക്കാൻ നടപടി സ്വീകരിക്കണം.അഞ്ച് ഏക്കറോളം വരുന്ന സ്ഥലത്ത് മൾട്ടി പ്ലക്സോട് കൂടിയ ഷോപ്പിംഗ് കോപ്ലക്സ് നിർമ്മിക്കുകയോ മറ്റ് അനുയോജ്യമായ സ്ഥാപനങ്ങൾ കൊണ്ടുവരികയോ ചെയ്യണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. ആറ് വരിപ്പാത പൂർത്തിയായാൽ എല്ലാ ബസുകളും ഗുരുവായൂർ വഴി പോകുമ്പോഴുണ്ടാകുന്ന യാത്രക്കാരുടെ അര – മുക്കാൽ മണിക്കൂർ സമയ നഷ്ടം ഉണ്ടാകാതിരിക്കാൻ ഗുരുവായൂർ ഒഴിവാക്കിയുള്ള സർവ്വീസുകളും ആരംഭിക്കണമെന്നും മന്ത്രിയോട് ടി.കെ. അഷറഫ് ആവശ്യപ്പെട്ടു.പൊന്നാനിയിൽ നിർത്തലാക്കിയ ബസ് സർവ്വീസുകൾ ആരംഭിക്കുക, പൊന്നാനിയിൽ നന്ന് പെരിന്തൽമണ്ണ, മഞ്ചേരി, ഗുരുവായൂർ ഭാഗങ്ങളിലെക്ക് ചെയിൻ സർവ്വീസ് ആരംഭിക്കുക, കോയമ്പത്തൂർ യാത്രക്കാരുടെ സൗകര്യാർത്ഥം ഉച്ചയ്ക്കുള്ള പാലക്കാട് സർവ്വീസ് പുന:രാംരംഭിക്കുക, കരിപ്പൂർ എയർ പോട്ടിലെക്കും, നെടുമ്പാശ്ശേരി എയർ പോർട്ടിലെക്കും സർവ്വീസ് ആരംഭിക്കുക, ബാംഗ്ലൂർ, ഊട്ടി, മധുര സർവ്വീസുകൾ ആരംഭിക്കുക, നിലവിലുള്ള സർവ്വീസുകൾ കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളും മന്ത്രിയോട് നേരിൽ ആവശ്യപ്പെട്ടു.വിശദമായി പരിശോധിച്ച് അനുഭാവ പൂർവ്വം പരിഗണിക്കണമെന്ന് കെ.എസ്.ആർ.ടി.സി എം.ഡി. പ്രമോജ് ശങ്കറിനോടും ആവശ്യപ്പെട്ടു.