2025ലെ ഓസ്കർ നോമിനേഷനുകൾ ഇന്ന് പ്രഖ്യാപിക്കും. ഇന്ത്യൻ സമയം രാത്രി 7 മണിക്കാണ് പ്രഖ്യാപനം. അക്കാദമിയുടെ ഡിജിറ്റൽ ചാനലുകളിലും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാഫറിലും എബിസി ന്യൂസിൻ്റെ ഗുഡ് മോർണിങ് അമേരിക്ക എന്ന പരിപാടിയിലും ഇതിൻ്റെ തത്സമയ സംപ്രേഷണം കാണാം.യാങ്ങും റേസൽ സെന്നോട്ടിയും ചേർന്നാണ് നാമനിർദ്ദേശങ്ങൾ പ്രഖ്യാപിക്കുക. സാമുവൽ ഗോൾഡ്‌വിൻ തിയേറ്ററിൽ വെച്ചായിരിക്കും പ്രഖ്യാപനം.ജനുവരി 17 നായിരുന്നു നോമിനേഷനുകൾ പ്രഖ്യാപിക്കാൻ മുൻപ് നിശ്ചയിച്ചിരുന്നത്.എന്നാൽ ലോസ് ഏഞ്ചൽസ് കാട്ടുതീയെ തുടർന്ന് ഇത് 19 ലേക്കും പിന്നീട് ഇന്നത്തേക്കും മാറ്റുകയായിരുന്നു. ഓസ്കർ നോമിനേഷനുകൾക്ക് വോട്ട് ചെയ്യാനുള്ള കാലാവധിയും ഇതിനൊപ്പം നീട്ടിയിരുന്നു.സഹനടൻ, സഹനടി, ആനിമേറ്റഡ് ഷോർട്ട് ഫിലിം, കോസ്റ്റ്യൂം ഡിസൈൻ, ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം, മേക്കപ്പും ഹെയർസ്റ്റൈലിങ്ങും, സംഗീതം (ഒറിജിനൽ സ്കോർ), തിരക്കഥ(അവലംബിതം), തിരക്കഥ(ഒറിജിനൽ) എന്നീ വിഭാഗങ്ങളിലെ നോമിനേഷനുകൾ ആണ് ആദ്യം പ്രഖ്യാപിക്കുക.മികച്ച നടൻ, മികച്ച നടി, ആനിമേറ്റഡ് ഫീച്ചർ ഫിലിം, ഛായാഗ്രഹണം, സംവിധാനം, ഡോക്യുമെന്ററി ഫീച്ചർ ഫിലിം, ഡോക്യുമെന്ററി ഷോർട്ട് ഫിലിം, ഫിലിം എഡിറ്റിംഗ്, അന്താരാഷ്ട്ര ഫീച്ചർ ഫിലിം, സംഗീതം(ഒറിജിനൽ), മികച്ച ചിത്രം, പ്രൊഡക്ഷൻ ഡിസൈൻ, ശബ്ദം, വിഷ്വൽ ഇഫക്റ്റ് എന്നീ വിഭാഗങ്ങളിലെനോമിനേഷനുകൾ രണ്ടാമത്തെ സെക്ഷനിലുമാകും പ്രഖ്യാപിക്കുന്നത്.കങ്കുവ, ആടുജീവിതം, ഓൾ വീ ഇമാജിൻ അസ് ലൈറ്റ് എന്നീ ഇന്ത്യൻ ചിത്രങ്ങൾ ഇത്തവണ മത്സര രംഗത്തുണ്ട്. ബ്ലെസിയുടെ സംവിധാനത്തിൽ 2024ൽ പുറത്തിറങ്ങിയ ആടുജീവിതം മികച്ച ചിത്രം എന്ന വിഭാഗത്തിലാണ് മത്സരിക്കുന്നത്. 2025 മാർച്ച് 2-ന് ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിൽ വെച്ചാണ് 97-ാമത് അക്കാദമി അവാർഡുകൾ പ്രഖ്യാപിക്കുക.