കേരളത്തിലെ ക്ഷേത്രങ്ങളിൽ നടക്കാനിരിക്കുന്ന ഉത്സവങ്ങൾ തടസ്സപ്പെടുത്താൻ ശ്രമം നടക്കുന്നതായി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ,ശിവരാത്രിയുൾപ്പെടെ ഉടൻ നടക്കാനിരിക്കുന്ന ഉത്സവങ്ങൾ അലങ്കോലപ്പെടുത്താനാണ് ശ്രമം നടക്കുന്നതെന്ന് ദേവസ്വങ്ങൾ സുപ്രീംകോടതിയിൽ ആരോപിച്ചു. ആനയെഴുന്നള്ളിപ്പിന് കടുത്ത നിയന്ത്രണങ്ങൾ നിർദ്ദേശിക്കുന്ന കേരള ഹൈക്കോടതി വിധിക്ക് ഏർപ്പെടുത്തിയ സ്റ്റേയ്ക്ക് എതിരായ അപേക്ഷ അടിയന്തിരമായി പരിഗണിക്കണമെന്ന് ആവശ്യത്തിനിടെയാണ് ദേവസ്വങ്ങൾ ഈ ആരോപണം സുപ്രീംകോടതിയിൽ ഉന്നയിച്ചത്.ആനയെഴുന്നള്ളിപ്പിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഹൈക്കോടതി പുറപ്പടുവിച്ച മാർഗ്ഗരേഖ അപ്രായോഗികമാണെന്ന് വ്യക്തമാക്കി സുപ്രീംകോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. എന്നാൽ ഈ സ്റ്റേ ഉത്തരവ് നിലവിൽ വന്നതിന് ശേഷം മലപ്പുറം ജില്ലയിലെ പുതിയങ്ങാടി പള്ളിയിൽ നടന്ന നേർച്ചയ്ക്കിടെ ആനയിടഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസിലെ എതിർകക്ഷിയായ വി കെ വെങ്കിടാചലം സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധിക്ക് ഏർപ്പെടുത്തിയ സ്റ്റേ നീക്കണമെന്നും വെങ്കിടാചലത്തിൻ്റെ അഭിഭാഷക കോടതിയിൽ ആവശ്യപ്പെട്ടു.ആനയിടഞ്ഞതിനെ തുടർന്ന് അപകടം ഉണ്ടായെന്നും അഭിഭാഷക കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ ഈ വിഷയം കേരള ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താൻ ജസ്റ്റിസ് ബി വി നാഗരത്ന അധ്യക്ഷയായ ബെഞ്ച് നിർദേശിച്ചു. അതേസമയം ഹൈക്കോടതി സ്വമേധയാ എടുത്ത കേസാണിതെന്നും, സുപ്രീംകോടതിയുടെ സ്റ്റേ ഉത്തരവ് നിലനിൽക്കുന്നതിനാൽ മറ്റ് നടപടികളൊന്നും ഹൈക്കോടതിയിൽ നടക്കുന്നില്ലെന്നും അഭിഭാഷക ചൂണ്ടിക്കാട്ടി.തങ്ങൾ ഈ വിഷയത്തിൽ ഉത്തരവ് ഇറക്കിയതാണെന്നും മറ്റ് വിഷയങ്ങൾ ഹൈക്കോടതിയാണ് പരിഗണിക്കേണ്ടതെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഇതിനിടയിലാണ് കേരളത്തിലെ ക്ഷേത്രങ്ങളിൽ നടക്കാൻ പോകുന്ന ശിവരാത്രി ഉത്സവം ഉൾപ്പടെ അലങ്കോലപ്പെടുത്താൻ ശ്രമം നടക്കുന്നതായി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ അഭിഭാഷകൻ എം ആർ അഭിലാഷ് പറഞ്ഞത്. ഇതിൻ്റെ ഭാഗമായാണ് സ്റ്റേ ഉത്തരവ് നീക്കണമെന്ന ആവശ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദേവസ്വങ്ങളുടെ ഹർജി അടുത്തമാസം നാലിന് പരിഗണിക്കാമെന്നാണ് സുപ്രീംകോടതി വെബ് സൈറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നതെന്നും അന്ന് തങ്ങളുടെ ആവശ്യം കൂടി പരിഗണിക്കണമെന്നും വെങ്കിടാചലത്തിന്റെ അഭിഭാഷക ആവശ്യപ്പെട്ടു. എന്നാൽ ഇതിൽ ഉത്തരവ് ഇറക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു.