ന്യൂഡൽഹി: വരാനിരിക്കുന്ന പാർലമെന്റ് ബജറ്റ് സമ്മേളനത്തിൽ പുതിയ ആദായനികുതി ബിൽ അവതരിപ്പിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. 1961ലെ ആദായനികുതി നിയമം പൂർണമായി ഒഴിവാക്കും. പകരം കൂടുതൽ ലഘൂകരിച്ച നിയമമായിരിക്കും കൊണ്ടുവരികയെന്നും റിപ്പോർട്ടുകൾ പറയുന്നു.ആറ് പതിറ്റാണ്ട് പഴക്കമുള്ള 1961ലെ ആദായനികുതി നിയമം, ആറ് മാസത്തിനുള്ളിൽ സമഗ്രമായി അവലോകനം ചെയ്യുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ 2024 ജൂലൈയിലെ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. പുതിയ ആദായനികുതി നിയമം പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം പകുതിയിലാകും അവതരിപ്പിക്കുക. നിലവിൽ കരട് നിയമം നിയമ മന്ത്രാലയം പരിശോധിച്ചുവരികയാണ്. ജനുവരി 31 മുതൽ ഏപ്രിൽ 4 വരെയാണ് ബജറ്റ് സമ്മേളനം ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ആദ്യ പകുതി ജനുവരി 31 മുതൽ ഫെബ്രുവരി 13 വരെയും രണ്ടാം പകുതി മാർച്ച് പത്തിന് ആരംഭിക്കുകയും ചെയ്യും. 1961-ലെ ആദായനികുതി നിയമം പ്രത്യക്ഷ നികുതികളായ വ്യക്തിഗത ഐടി, കോർപ്പറേറ്റ് നികുതി, സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ്, ഗിഫ്റ്റ്, വെൽത്ത് ടാക്‌സ് എന്നിവയാണ് കൈകാര്യം ചെയ്യുന്നത്. അതിനായി നിയമത്തിൽ ഏകദേശം 298 വിഭാഗങ്ങളും 23 അധ്യായങ്ങളുമുണ്ട്.1961ലെ ഐടി ആക്ടിന്റെ സമഗ്ര അവലോകനം നടത്തുമെന്ന കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ മേൽനോട്ടം വഹിക്കാനും നിയമം സംക്ഷിപ്ത രൂപത്തിലാക്കി വകുപ്പുകളുടെ സങ്കീർണത കുറയ്ക്കാനും കേന്ദ്ര ആദായനികുതി വകുപ്പ് ആന്തരിക കമ്മിറ്റികൾ രൂപീകരിച്ചിരുന്നു. 22 പ്രത്യേക ഉപസമിതികളാണ് ഈയൊരു ലക്ഷ്യത്തിനായി പ്രവർത്തിച്ചിരുന്നത്.സമിതികൾ പൊതുജനങ്ങളിൽനിന്നുള്ള നിർദേശങ്ങളും ക്ഷണിച്ചിരുന്നു. അത്തരത്തിൽ പുതിയ നിയമത്തിനായി 6500 നിർദേശങ്ങളാണ് ലഭിച്ചത്. പുതിയ ആദായനികുതി നിയമത്തിൽ മുൻപുണ്ടായിരുന്ന വ്യവസ്ഥകളും അധ്യായങ്ങളും ഗണ്യമായി കുറയ്ക്കുമെന്നും കാലഹരണപ്പെട്ട വ്യവസ്ഥകൾ എടുത്തുകളയുമെന്നും വൃത്തങ്ങൾ അറിയിച്ചു.