നിരോധനം മറികടക്കാൻ ലക്ഷ്യമിട്ട് വിഡിയോ ഷെയറിംഗ് പ്ലാറ്റ്ഫോമായ ടിക്ടോക് ഇലോൺ മസ്കിന് വിൽക്കുന്നുവെന്ന റിപ്പോർട്ട് നിഷേധിച്ച് ചൈന. ചൈനീസ് കമ്പനിയായ ബൈറ്റ് ഡാൻസിന്റെ ഉടമസ്ഥതയിലുള്ള ടിക്ടോക് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കാണിച്ച് യുഎസ് ഭരണകൂടം പുതിയ നിയമ നിർമ്മാണം നടത്തിയിരുന്നു. ഇതനുസരിച്ച് ടിക്ടോക് പ്ലാറ്റ്ഫോമിന്റെ ഓഹരികൾ ചൈനീസ് ഇതര കമ്പനിക്ക് വിറ്റില്ലെങ്കിൽ നിരോധനമേർപ്പെടുത്തും. അതിന് പിന്നാലെയാണ് ടിക്‌ടോക്കിനെ ഇലോൺ മസ്ക് സ്വന്തമാക്കാൻ ഒരുങ്ങുന്നു എന്ന വാർത്ത പുറത്തുവന്നത്. പുതിയ പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേൽക്കുമ്പോൾ ടിക്ടോക് നിരോധനത്തിനുള്ള സാദ്ധ്യതയേറെയാണ്.
ടിക്ടോക്കിന്റെ നിരോധനം തന്റെ എക്‌സ് പ്ലാറ്റ്‌ഫോമിന് തന്നെയാണ് ഗുണം ചെയ്യുക എങ്കിലും യുഎസിൽ ടിക്ടോക് നിരോധിക്കപ്പെടരുത് എന്നാണ് തന്റെ അഭിപ്രായമെന്ന് മസ്‌ക് നേരത്തെ അഭിപ്രായപ്പെട്ടിട്ടുണ്ട്. ചൈനയോട് കടുത്ത നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ് ഡോണൾഡ് ട്രംപ്. അത് തിരിച്ചടിയാവുമെന്നാണ് ടിക്ടോക്കിന്റേയും മാതൃകമ്പനിയായ ബൈറ്റ്ഡാൻസിന്റേയും വിലയിരുത്തൽ.