നടി നിത്യാ മേനോനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം. സഹപ്രവർത്തകനെ വേദിയിൽ വച്ച് അപമാനിച്ചെന്ന ചൂണ്ടിക്കാട്ടിയാണ് നടിക്കെതിരെ പ്രതിഷേധം ഉയരുന്നത്. ജയംരവിയും നിത്യയും പ്രധാനവേഷങ്ങളിലെത്തുന്ന ‘കാതലിക്ക നേരമില്ലൈ’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെയായിരുന്നു സംഭവം. വേദിയിലേക്ക് എത്തിയ നിത്യയെ കണ്ട് സഹപ്രവർത്തകരിലൊരാൾ ഷേയ്ക്ക് ഹാൻഡിനായി കൈകൾ നീട്ടിയെങ്കിലും നടി അത് നിരസിക്കുകയായിരുന്നു. തനിക്ക് സുഖമില്ലെന്നും ഇനി കൊവിഡോ മറ്റോ ആണെങ്കിൽ നിങ്ങൾക്കും വരും എന്നായിരുന്നു സ്റ്റേജിൽ നിന്ന് സഹപ്രവർത്തകനോട് നടി മറുപടിയായി പറഞ്ഞത്.
പക്ഷേ അടുത്ത നിമിഷം നടൻ വിനയ് റായ് സ്റ്റേജിലേക്ക് വന്നപ്പോൾ നടി അദ്ദേഹത്തെ ആലിംഗം ചെയ്യുന്നുണ്ട്. പരിപാടിയുടെ തുടക്കം മുതലെ നടി പൊതുവെ ആളുകളെ തന്റെ അരികിലേക്ക് അടുപ്പിച്ചിരുന്നില്ല. സംവിധായകൻ മിഷ്‌കിനെ കണ്ടപ്പോഴെ തന്നെ ആലിംഗനം ചെയ്യാൻ വരരുതെന്ന് നടി ആദ്യമേ പറഞ്ഞു. അതിനുശേഷം അദ്ദേഹത്തിന്റെ കവിളിൽ ചുംബിച്ചു. പിന്നാലെ മിഷ്‌കിന്‍ നിത്യ മേനോന്റെ കൈയിൽ തിരികെ ചുംബിക്കുകയും ചെയ്തു. തനിക്ക് വേണ്ടപ്പെട്ടവരുമായി നടി സ്‌നേഹവും സൗഹൃദവും പ്രകടിപ്പിച്ചത് അത്തരത്തിലാണ്. ജയം രവിയെയും കെട്ടിപ്പിടിച്ചുകൊണ്ടാണ് നിത്യ തന്റെ സ്‌നേഹം പങ്കുവച്ചത്. ഈ വിഡിയോ വൈറലായതോടെയാണ് നിത്യയ്ക്കുനേരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം രൂക്ഷമായത്.
ഒരാളെ അപമാനിക്കുന്നതിന് തുല്യമായ പ്രവർത്തിയാണ് നടി ചെയ്തതെന്നും സിനിമയിൽ താരങ്ങളും അസിസ്റ്റന്റ്സുമൊക്കെ മനുഷ്യന്മാരാണെന്നും നിത്യയോട് ഒരു വിമർശകൻ പറയുന്നു. നടി നടത്തിയത് തരംതിരിവാണെന്നും തൊട്ടുകൂടായ്മ ഉളളതുകൊണ്ടാണ് നിത്യ ഇങ്ങനെ ചെയ്തതെന്നും വിമർശകർ പറയുന്നു.
അതേസമയം, ഉദയനിധിയുടെ ഭാര്യ കൃതിക ഉദയനിധി സംവിധാനം ചെയ്യുന്ന കാതലിക്ക നേരമില്ലൈ പൊങ്കൽ റിലീസായി ജനുവരി 14ന് തിയേറ്ററിൽ എത്തും. ഉദയനിധിയും റെഡ് ജയന്റ് മൂവീസും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം നിർവഹിച്ചിരിക്കുന്നത്. യോഗി ബാബു, ലക്ഷ്മി രാമകൃഷ്ണൻ,ലാൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.