കോഴിക്കോട്: എം എസ് സൊല്യൂഷന്‍ സിഇഒ മുഹമ്മദ് ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളി. കോഴിക്കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. ഇതോടെ ഹൈക്കോടതിയെ സമീപിക്കാനാണ് മുഹമ്മദ് ഷുഹൈബിന്റെ തീരുമാനം. ഇന്ന് തന്നെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചേക്കുമെന്നാണ് വിവരം.
ചോദ്യപ്പേപ്പര്‍ ചോര്‍ത്തിയിട്ടില്ലെന്നും എം എസ് സൊല്യൂഷന്‍സിന് പുറമെ ചോദ്യങ്ങള്‍ പ്രവചിച്ച മറ്റ് സ്ഥാപനങ്ങള്‍ക്കെതിരെ അന്വേഷണം നടത്തുന്നില്ലെന്നുമാണ് പ്രതിഭാഗം കോടതിയില്‍ വാദിച്ചത്. എന്നാല്‍ ചോദ്യപ്പേപ്പര്‍ ചോര്‍ത്തുന്ന മാഫിയയിലെ പ്രധാനിയാണ് ഷുഹൈബ് എന്നാണ് പ്രോസിക്യൂഷന്‍ വാദം. കഴിഞ്ഞ ദിവസം കേസ് ഡയറി ഉള്‍പ്പെടെ ക്രൈംബ്രാഞ്ച് സംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അതേസമയം, മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ ഷുഹൈബിനെ ഉടന്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് ക്രൈം ബ്രാഞ്ച് സംഘത്തിന്റെ നീക്കം. നിലവില്‍ ഒളിവിലാണ് ഷുഹൈബ്.
സംസ്ഥാനത്ത് ക്രിസ്മസിനോടനുബന്ധിച്ചുള്ള പരീക്ഷകളുടെ ചോദ്യപേപ്പറുകളായിരുന്നു ചോര്‍ന്നത്. പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയുടെയും പ്ലസ് വണ്‍ കണക്ക് പരീക്ഷയുടെയും ചോദ്യപേപ്പറുകളായിരുന്നു ചോര്‍ന്നത്. ഇതിന് പിന്നാലെ ചോദ്യ പേപ്പര്‍ ചോര്‍ച്ച സ്ഥിരീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി രംഗത്തെത്തി. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞിരുന്നു. വിഷയത്തില്‍ എസ്എഫ്‌ഐയും കെസ്‌യുവും പ്രതിഷേധം ശക്തമാക്കിയിരുന്നു.