മൈസൂര്‍: കാട്ടുകൊള്ളക്കാരന്‍ വീരപ്പന്‍ കൈയടക്കിവെച്ചിരുന്ന വനപ്രദേശങ്ങളിലൂടെ സഞ്ചാരികള്‍ക്കായി കര്‍ണാടക വനംവകുപ്പ് വിനോദയാത്ര ആരംഭിക്കുന്നു.തമിഴ്‌നാട്-കര്‍ണാടക അതിര്‍ത്തിയിലെ ഹൊഗനക്കല്‍ വെള്ളച്ചാട്ടത്തില്‍ നിന്നാണ് സഫാരി ആരംഭിക്കുകയെന്ന് അധികൃതര്‍ പറഞ്ഞു.
വീരപ്പന്റെ ജന്മനാടായ ഗോപിനാഥം ഗ്രാമത്തില്‍ നിന്ന് ആരംഭിച്ച സഫാരിയ്ക്കായി നിരവധി പേരാണ് പേരുനല്‍കിയതെന്നും വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. കാവേരി വന്യജീവിസങ്കേതത്തിലൂടെ 22 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സഫാരി ഈ പ്രദേശത്തെ വീരപ്പന്റെ ഒളിത്താവളങ്ങളെയും സഞ്ചാരികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കും. ഹൊഗനക്കലില്‍ നിന്ന് സഫാരി ആരംഭിക്കാനാണ് കാവേരി വന്യജീവിസങ്കേതത്തിലെ അധികൃതര്‍ തീരുമാനിച്ചത്.
തമിഴ്‌നാട്ടിലേയും കര്‍ണാടകയിലേയും സഞ്ചാരികളുടെ പ്രിയപ്പെട്ടയിടം കൂടിയാണ് ഹൊഗനക്കല്‍ വെള്ളച്ചാട്ടം. കാവേരി നദിയിലെ ബോട്ടിംഗിനും ഈ പ്രദേശത്തെ മത്സ്യവിഭവങ്ങള്‍ക്കുമായി സഞ്ചാരികള്‍ കൂട്ടത്തോടെ എത്താറുണ്ട്.
രാവിലെയും വൈകിട്ടും രണ്ട് ട്രിപ്പുകള്‍ വീതം പോകാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. ഒരു ബസില്‍ 25 പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയും. സഫാരിയ്ക്ക് ആവശ്യമായ വാഹനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. സഞ്ചാരികള്‍ക്ക് താമസത്തിനായി ഗോപിനാഥം ഗ്രാമത്തില്‍ ടെന്റ് ഹൗസുകള്‍ ഒരുക്കും. സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചത്തോടെ ഗ്രാമത്തിലെ ചിലര്‍ ഹോംസ്റ്റേ സൗകര്യങ്ങളും ഒരുക്കിത്തുടങ്ങി.
2024 ജനുവരിയില്‍ 3,500 വിനോദസഞ്ചാരികളാണ് ഹൊഗനക്കല്‍ വെള്ളച്ചാട്ടം കാണാനെത്തിയത്. അതേവര്‍ഷം മാര്‍ച്ച് മാസത്തില്‍ 9381 പേരും ഹൊഗനക്കലിലേക്ക് എത്തി. ഏകദേശം 1400 വിദേശ സഞ്ചാരികളാണ് ഇക്കാലയളവില്‍ ഇവിടേക്ക് എത്തിയത്. സഞ്ചാരികള്‍ കൂട്ടത്തോടെയെത്തുന്നത് പ്രാദേശിക സമ്പദ് വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുമെന്നും നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും വനംവകുപ്പ് പ്രതീക്ഷിക്കുന്നു.