മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസ് തിയേറ്ററുകളിൽ എത്തിയപ്പോൾ പ്രേക്ഷകർക്കും നിർമ്മാതാക്കൾക്കും ഒരുപോലെ വലിയ പ്രതീക്ഷകളായിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ക്രിസ്മസ് ദിനത്തിൽ റിലീസ് ചെയ്ത ചിത്രം ആദ്യ ദിനം തന്നെ 3.6 കോടി രൂപയുടെ മികച്ച കളക്ഷൻ നേടി മലയാള സിനിമയിലെ ഏറ്റവും വലിയ ഓപ്പണിംഗുകളിലൊന്നായി. ബോഗെയ്ൻവില്ല, മഞ്ഞുമ്മൽ ബോയ്സ് തുടങ്ങിയ മറ്റ് ഹിറ്റ് ചിത്രങ്ങളുടെ ആദ്യ ദിന കളക്ഷനെ പോലും ബറോസ് മറികടന്നു.ഫാന്റസി ജോണർ ചിത്രമായ ബറോസ് റിലീസായി മൂന്നാം വാരത്തിലേക്ക് എത്തിനിൽക്കുകയാണ് ഇപ്പോൾ. എന്നാൽ ചിത്രത്തിന് ആദ്യ ദിനം ലഭിച്ച ആവേശം അധികം നിലനിന്നില്ല. പുതിയ ചിത്രങ്ങളുടെ റിലീസ് ബറോസിന്റെ കളക്ഷനെ ബാധിച്ചുവെന്നാണ് സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ റിപ്പോർട്ടുകൾ. റിപ്പോർട്ട് അനുസരിച്ചു റിലീസ് ചെയ്ത് പതിമൂന്ന് ദിവസം കൊണ്ട് കേരളത്തിൽ നിന്ന് മാത്രം 10.80 കോടി രൂപയാണ് ചിത്രം നേടിയത്. റിലീസ് ചെയ്ത് എട്ടാം ദിനം വരെ 9.8 കോടിയായിരുന്നു ബറോസ് നേടിയത്. പൂർണ്ണമായും ത്രീഡിയിൽ ഒരുക്കിയ ആദ്യ മലയാള ചിത്രങ്ങളിലൊന്നായ ബറോസ്150 കോടി രൂപയുടെ വലിയ ബജറ്റിലാണ് ഒരുക്കിയത്.മലയാള സിനിമയുടെ നാഴികക്കല്ലായ ആദ്യ 70mm ചിത്രവും ത്രീഡി ചിത്രവും സംവിധാനം ചെയ്ത ജിജോ പുന്നൂസിന്റെ ‘ഡി ഗാമയുടെ നിധിയുടെ കാവൽക്കാരൻ’ എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണിത്. ആശിർവാദ് സിനിമാസിലൂടെ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചത്. വിവിധ ഭാഷകളിലുള്ള താര നിരയാണ് ചിത്രത്തിലുള്ളത്. ടൈറ്റിൽ റോളിൽ മോഹൻലാൽ, മായസാറാ വേഗ, തുഹിൻ മേനോൻ, ഗുരു സോമസുന്ദരം ,സീസർ ലോറന്റെ റാട്ടൺ എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലെത്തുന്നു.