ഗ്രാമീണമേഖലയിൽ സമ്പൂർണകുടിവെള്ളം ലക്ഷ്യമിട്ട് തുടങ്ങിയ ജലജീവൻ മിഷനിൽ ഉപഭോക്താക്കളുടെ കൊഴിഞ്ഞുപോക്ക്. ഇതുവരെ നാലു ലക്ഷത്തിലേറെപേർ കുടിവെള്ള കണക്ഷൻ ഉപേക്ഷിച്ചെന്നാണ് അനൗദ്യോഗിക കണക്ക്. സൗജന്യമായി കുടിവെള്ളം ലഭിക്കുമെന്ന് കരുതി കണക്ഷനെടുത്തവരാണ് ഭൂരിഭാഗവും. കണക്ഷൻ ലഭിച്ചിട്ടും കുടിവെള്ളം കിട്ടാത്തവരും ഇക്കൂട്ടത്തിലുണ്ട്.
അഞ്ചുവർഷംകൊണ്ട് 20.06 ലക്ഷം കണക്ഷനാണ് ജലജീവൻ മിഷൻപ്രകാരം നൽകിയത്. കാലാവധി ഒരുവർഷംകൂടി നീട്ടി നൽകണമെന്ന് സംസ്ഥാനം കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മൊത്തം ചെലവിന്റെ 10 ശതമാനം ഗുണഭോക്താക്കളിൽ നിന്ന് ഈടാക്കണമെന്നായിരുന്നു കേന്ദ്രനിർദേശം. എന്നാൽ, കേരളത്തിൽ ഇതുവരെ ഉപഭോക്തൃവിഹിതമോ തദ്ദേശസ്ഥാപനങ്ങളുടെ വിഹിതമോ ഈടാക്കിയിട്ടില്ല.
പകുതി കേന്ദ്രസർക്കാരും ബാക്കി പകുതി സംസ്ഥാന സർക്കാരുമാണ് നൽകുന്നത്. സംസ്ഥാനവിഹിതത്തിൽ 15 ശതമാനം തദ്ദേശസ്ഥാപനങ്ങളാണ് നൽകേണ്ടിയിരുന്നത്. ഗുണഭോക്തൃവിഹിതവും തദ്ദേശസ്ഥാപനങ്ങളുടെ വിഹിതവും സംബന്ധിച്ച് ഇതുവരെ വ്യക്തതവന്നിട്ടില്ല. സംസ്ഥാന സർക്കാരിന്റെ വിഹിതം കൃത്യമായി നൽകാനാവാതെ വന്നതോടെ ജലജീവൻമിഷൻ നിശ്ചലമാണിപ്പോൾ
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള 15,000 ലിറ്റർ മാസ ഉപഭോഗമുള്ളവർക്കു മാത്രമാണ് കുടിവെള്ളം സൗജന്യം. 144 രൂപയാണ് മിനിമം നിരക്ക്. ഉപഭോഗം കൂടുന്നതനുസരിച്ച് നിരക്കിൽ കാര്യമായ വർധനയുണ്ട്. കുടിവെള്ളത്തിന്റെ ബില്ല് വന്നതോടെയാണ് പലരും കണക്ഷൻ വിച്ഛേദിക്കൽ ആവശ്യപ്പെട്ട് ജല അതോറിറ്റിയെ സമീപിച്ചത്. കിണറുകൾ അടക്കം കുടിവെള്ളത്തിന് മറ്റു മാർഗങ്ങളുള്ളവരാണ് ഇവരിലേറെയും.