100 ഗ്രാം എം.ഡി.എം.എ.യുമായി രണ്ടുപേർ പോലീസ് പിടിയിൽ.ഇടപ്പള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന ആലുവ സെമിനാരിപ്പടി കൊച്ചുപണിക്കോടത്ത് ആസിഫ് അലി (26), കൊല്ലം കന്നിമേൽച്ചേരി മകം വീട്ടിൽ ആഞ്ജല (22) എന്നിവരെയാണ് റൂറൽ ജില്ല ഡാൻസാഫ് ടീമും നെടുമ്പാശേരി പോലീസും ചേർന്ന് പിടികൂടിയത്.
യുവതിയുടെ പാന്റ്സിലെ പോക്കറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. പിടികൂടിയ രാസലഹരിക്ക് ഒമ്പതുലക്ഷത്തിലേറെ രൂപ വിലവരും. റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബെംഗളൂരുവിൽനിന്ന് വന്ന ബസിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ലഹരിമരുന്നിന്റെ പണം സി.ഡി.എം വഴിയാണ് ഇവർ ബെംഗളൂരുവിലെ സംഘത്തിന് അയച്ചുനൽകിയിരുന്നത്. ബെംഗളൂരുവിലെ ലഹരിമാഫിയ സംഘം ആളൊഴിഞ്ഞ ഭാഗത്തെ പ്രത്യേക സ്ഥലത്ത് മയക്കുമരുന്ന് കൊണ്ടുവയ്ക്കും. തുടർന്ന് ലൊക്കേഷൻ അയച്ചുകൊടുക്കും. അവിടെനിന്ന് പ്രതികൾ ഇത് ശേഖരിക്കുകയും ടൂറിസ്റ്റ് ബസിൽ കേരളത്തിലേക്ക് എത്തിക്കുകയുമാണ് ചെയ്തിരുന്നത്. നാട്ടിലെത്തിച്ച ശേഷം 5,10 ഗ്രാം പാക്കറ്റുകളിലാക്കിയായിരുന്നു വിൽപ്പന.
ഇൻസ്റ്റാഗ്രാമിലൂടെയാണ് യുവതിയെ ആസിഫ് അലി പരിചയപ്പെട്ടത്. തുടർന്ന് ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. മുമ്പ് പല തവണകളായി യുവാവ് രാസലഹരി കേരളത്തിലേക്ക് കടത്തിയിട്ടുണ്ട്. തുടർന്ന് കടത്തിനായി ആഞ്ജലയേയും കൂട്ടുകയായിരുന്നു. ഇരുവരും ചേർന്ന് രണ്ടുതവണ രാസലഹരി കേരളത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
അതേസമയം, മയക്കുമരുന്ന് കടത്തുകാരനാണെന്ന് അറിയാതെയാണ് ഇയാളോടൊപ്പം കൂടിയതെന്നാണ് യുവതിയുടെ മൊഴി. വീട്ടിലിരുന്ന് ഒൺലൈൻ ട്രേഡിങ്ങായിരുന്നു ആഞ്ജലയുടെ ജോലിയെന്നും പോലീസ് പറഞ്ഞു
ഡാൻസാഫ് ടീമിനെ കൂടാതെ നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി പി.പി. ഷംസ്, ആലുവ ഡിവൈ.എസ്.പി. ടി.ആർ.രാജേഷ്, ഇൻസ്പെക്ടർ സാബുജി എം.എ.എസ്, എസ്.ഐ എ.സി. ബിജു, എ.എസ്.ഐ റോണി അഗസ്റ്റിൻ, സീനിയർ സി.പി.ഒ മാരായ സി.കെ രശ്മി, എം.എം രതീഷ്, ഇ.കെ അഖിൽ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.