രാജ്യത്ത് രണ്ടുപേരിൽ എച്ച് എം പി വി (ഹ്യൂമൻ മെറ്റാന്യുമോവൈറസ്) സ്ഥിരീകരിച്ച സാഹചര്യത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കി ഡൽഹി. എച്ച് എം പി വി മൂലമുണ്ടായേക്കാവുന്ന വെല്ലുവിളികൾ നേരിടാൻ സജ്ജമാകണമെന്ന് ആരോഗ്യവകുപ്പ് മാർഗനിർദേശം പുറത്തിറക്കി. സിവിയർ അക്യൂട്ട് റെസ്‌പിറേറ്ററി ഇൻഫെക്‌ഷൻ (എസ് എ ആർ ഐ) കേസുകളുടെയും ലാബിൽ സ്ഥിരീകരിച്ച ഇൻഫ്ളുവൻസ കേസുകളുടെയും വിശദമായ വിവരങ്ങൾ സൂക്ഷിക്കാൻ ആരോഗ്യ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിരിക്കുകയാണ്. പാരസെറ്റമോൾ, ആന്റിഹിസ്റ്റാമൈൻ, ബ്രോങ്കോഡൈലേറ്റർ, കഫ് സിറപ്പ് തുടങ്ങിയ മരുന്നുകൾ സ്റ്റോക്ക് ചെയ്യണം, ഓക്‌സിജൻ സിലിണ്ടറുകളുടെ ലഭ്യത ഉറപ്പാക്കണം, അവശ്യ കേസുകളിൽ ഐസൊലേഷൻ നിർബന്ധമാക്കണം എന്നിങ്ങനെയുള്ള നിർദേശങ്ങളും നൽകിയിട്ടുണ്ട്. ഡൽഹി ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ഉന്നതതല യോഗം ചേർന്നു.
ബംഗളൂരുവിൽ മൂന്നും എട്ടും മാസം പ്രായമുള്ള കുഞ്ഞുങ്ങളിലാണ് എച്ച് എം പി വി വൈറസ് കണ്ടെത്തിയത്. രണ്ട് കുട്ടികൾക്കും വിദേശ യാത്രാ പശ്ചാത്തലമില്ല. എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്ന് പരിശോധിച്ചുവരികയാണെന്ന് ഡേക്‌ടർമാർ അറിയിച്ചു. ചൈനീസ് വേരിയന്റ് തന്നെയാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
കുഞ്ഞുങ്ങളുടെ സാമ്പിൾ ശേഖരിച്ച് പരിശോധന തുടരുമെന്ന് കർണാടക ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. അടുത്തിടെ എച്ച് എം പി വി, കൊവിഡ് 19, ഇൻഫ്ലുവൻസ എ, മൈകോപ്ലാസ്മ ന്യുമോണിയ തുടങ്ങിയ ശ്വാസകോശ രോഗങ്ങൾ ചൈനയിൽ അതിവേഗം പടരുന്നെന്നും ആശുപത്രികൾ രോഗികളാൽ നിറയുന്നെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. രോഗവ്യാപനത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ചൈന അറിയിച്ചിട്ടുണ്ട്. എല്ലാ വർഷവും ശൈത്യകാലത്തുള്ള സാധാരണ പ്രശ്‌നം മാത്രമാണിതെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.