എൻജിനിയറിംഗ്, എം.ബി.എ കോഴ്സുകളിലുള്ളതു പോലെ സർക്കാർ നഴ്സിംഗ് കോളേജുകളിൽ ക്യാമ്പസ് റിക്രൂട്ട്മെന്റിന് സർക്കാർ അനുമതി നൽകും. ചട്ടങ്ങളും രൂപരേഖയുമുണ്ടാക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചു. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം. പശ്ചാത്യ രാജ്യങ്ങളിലടക്കം മലയാളി നഴ്സുമാർക്ക് അവസരം കൂടിവരുന്ന സാഹചര്യത്തിൽ, ക്യാമ്പസ് സെലക്ഷനായി സ്വകാര്യ ഹെൽത്ത് കെയർ സ്ഥാപനങ്ങളും സംഘടനകളും സർക്കാരിനെ സമീപിച്ചതിനെ തുടർന്നാണിത്.ബിഎസ്‌സി നഴ്സിംഗ് അവസാന സെമസ്റ്റർ വിദ്യാർത്ഥികൾക്കാവും ക്യാമ്പസ് റിക്രൂട്ട്മെന്റ്. നാലുവർഷ കോഴ്സ് വിജയിക്കുന്നവർക്ക് നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ ലഭിച്ചാലുടൻ ജോലിയിൽ പ്രവേശിക്കാം. ബിഎസ്‌സി കോഴ്സിലെ അവസാന ആറുമാസ ഇന്റേൺഷിപ്പ് അടുത്തിടെ ഒഴിവാക്കിയിരുന്നു. ഇതോടെയാണ് റിക്രൂട്ട്മെന്റിന് അനുമതി തേടി സംഘടനകളും സ്ഥാപനങ്ങളും സർക്കാരിനെ സമീപിച്ചത്.
സമിതി റിപ്പോർട്ട് ലഭിച്ചാലുടൻ ചട്ടങ്ങൾ പുറത്തിറക്കും. നഴ്സിംഗ് വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ, നഴ്സിംഗ് സർവീസ് അഡിഷണൽ ഡയറക്ടർ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് ടെക്നോളജി ഡയറക്ടർ എന്നിവരാണ് സമിതിയിലുള്ളത്. ക്യാമ്പസ് സെലക്ഷന് അനുമതി തേടി ജർമ്മൻ സർക്കാരിന്റെ പ്രതിനിധികൾ അടുത്തിടെ ആരോഗ്യ സർവകലാശാലയെ സമീപിച്ചിരുന്നു. സർക്കാർ സ്ഥാപനങ്ങളായ നോർക്കയും ഒഡെപെക്കും നഴ്സിംഗ് റിക്രൂട്ട്മെന്റ് നടത്തുന്നുണ്ട്. എന്നാൽ, ക്യാമ്പസ് റിക്രൂട്ട്മെന്റ് ഇതുവരെയില്ല.
ജർമ്മനിക്ക് ആവശ്യം 1.6 ലക്ഷം നഴ്സുമാരെ
2030നകം ജർമ്മനിക്ക് 1.6 ലക്ഷം നഴ്സുമാരെ ആവശ്യമുണ്ട്. നോർക്കയുമായി ചേർന്നാണ് റിക്രൂട്ട്മെന്റ്. 2.3 ലക്ഷം ശമ്പളം. റിക്രൂട്ട്മെന്റിന് ജപ്പാനുമായി ധാരണയുണ്ട്
അമേരിക്ക, കാനഡ, ബ്രിട്ടൺ, ഓസ്ട്രേലിയ, സിംഗപ്പൂർ, ഇറ്റലി, ഹോളണ്ട്, ഇസ്രയേൽ, മാൾട്ട രാജ്യങ്ങളും നഴ്സുമാരെ വിളിക്കുന്നു. ഗൾഫിലും അവസരമുണ്ട്
ഐ.ഇ.എൽ.ടി.എസ് പോലുള്ള യോഗ്യതാപരീക്ഷകൾ പല രാജ്യങ്ങളും ഒഴിവാക്കുന്നു. പ്രവൃത്തി പരിചയമില്ലെങ്കിലും കെയർഗിവറായി നിയമനം
”ക്യാമ്പസ് സെലക്ഷൻ വിദ്യാർത്ഥികൾക്ക് ഗുണകരമാണ്. വിദേശത്ത് വലിയ സാദ്ധ്യതകളുണ്ട്.
-ഡോ.മോഹനൻ കുന്നുമ്മൽ
വി.സി, ആരോഗ്യസർവകലാശാല











