കനത്ത മൂടല്‍മഞ്ഞ് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചു. 335 വിമാനങ്ങള്‍ വൈകുകയും 41 എണ്ണം റദ്ദാക്കുകയും 19 എണ്ണം വഴിതിരിച്ചുവിടുകയും ചെയ്തു. ഡല്‍ഹിക്കൊപ്പം പഞ്ചാബ്, ഹരിയാന, ഹിമാചല്‍ പ്രദേശിന്റെ ചില ഭാഗങ്ങള്‍, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ബിഹാര്‍, ജാര്‍ഖണ്ഡ്, ത്രിപുര, അസം, മേഘാലയ, മിസോറാം എന്നിവിടങ്ങളിലും തീവ്രമായ മൂടല്‍മഞ്ഞ് തുടരുന്നു. ഡല്‍ഹിയില്‍, വെള്ളിയാഴ്ച രാത്രി 11.30 മുതല്‍ ഇന്നലെ രാവിലെ 8.30 വരെ റണ്‍വേയുടെ ദൃശ്യപരിധി (ലൈറ്റുകളുടെ സഹായത്തോടെ പൈലറ്റുമാര്‍ക്ക് റണ്‍വേ ദൃശ്യമാകുന്ന ദൂരം) 50 മീറ്ററില്‍ താഴെയായതോടെ വിമാനങ്ങള്‍ പുറപ്പെടുന്നതും ഇറങ്ങുന്നതും ബുദ്ധിമുട്ടായി. രാത്രി 12.15നും പുലര്‍ച്ചെ 1.30നും ഇടയില്‍ സര്‍വീസുകള്‍ പൂര്‍ണമായി നിര്‍ത്തിവച്ചു. ഡല്‍ഹിക്കുപുറമെ ചണ്ഡീഗഡ്, ശ്രീനഗര്‍, ഗുവാഹത്തി, പട്ന എന്നിവിടങ്ങളിലും പകല്‍ സമയങ്ങളിലെ മൂടല്‍മഞ്ഞ് ദൃശ്യപരതയെ ബാധിക്കുന്നുണ്ട്.
ഒമ്പത് മണിക്കൂറോളം നീണ്ടുനിന്ന പൂജ്യം ദൃശ്യപരതയാണ് വിമാന സര്‍വീസുകളെ കനത്ത തോതില്‍ ബാധിച്ചത്. അത് പോലെ 59 ട്രെയിനുകള്‍ ആറ് മണിക്കൂറും 22 ട്രെയിനുകള്‍ എട്ട് മണിക്കൂറും വൈകി ഓടുന്നതായി നോര്‍ത്തേണ്‍ റെയില്‍വെ അറിയിച്ചു. ഞായറാഴ്ച്ച ഡല്‍ഹി നഗരം ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. വൈകുന്നേരത്തോടെ കാറ്റിന്റെ വേഗത 8 മുതല്‍ 10 വരെ ഉയരുമെന്നും മുന്നറിയിപ്പുണ്ട്. ഡല്‍ഹിയിലെ വായു നിലവാരം വളരെ മോശം വിഭാഗത്തില്‍ തുടരുകയാണ്. ശരാശരി എക്യു ഐ 378 ആയാണ് രേഖപ്പെടുത്തിയത്.