സ്കൂൾമേളകളിൽ ഫലപ്രഖ്യാപനത്തിലുൾപ്പെടെയുണ്ടാകുന്ന തർക്കങ്ങളിൽ, വിദ്യാർഥികളെ മുൻനിർത്തി പ്രതിഷേധിക്കുന്ന സ്കൂളുകളെ മത്സരങ്ങളിൽ നിന്ന് വിലക്കാൻ സർക്കാർ. കുട്ടികൾക്ക് പിന്തുണകൊടുക്കുന്ന അധ്യാപകർക്കെതിരേയും നടപടിയുണ്ടാകും. അടുത്തവർഷം മുതൽ സംഘടിപ്പിക്കുന്ന കലാ-കായിക മേളകൾ മുതൽ പ്രതിഷേധക്കാർക്കുനേരേ നടപടിയെടുക്കാനാണ് ആലോചന.എറണാകുളത്തു നടന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപനച്ചടങ്ങിൽ വിദ്യാർഥികളും അധ്യാപകരും പരസ്യപ്രതിഷേധവുമായെത്തിയ സംഭവത്തിൽ മലപ്പുറം തിരുനാവായ നാവാമുകന്ദ, എറണാകുളം കോതമംഗലം മാർബേസിൽ എന്നീ സ്കൂളുകളെ അടുത്തവർഷത്തെ കായികമേളയിൽനിന്ന് വിലക്കാനും സർക്കാർ തീരുമാനിച്ചു.നാവാമുകന്ദ സ്കൂളിലെ കായികാധ്യാപകരായ ഗിരീഷ്, മുഹമ്മദ് ഹർഷദ്, മലയാളം അധ്യാപകനായ പ്രവീൺ പടയമ്പത്ത്, എറണാകളും മാർബസിൽ സ്കൂളിലെ കായികാധ്യാപകരായ ഷിബി മാത്യു, മധു എന്നിവർക്കുനേരേ വകുപ്പുതല നടപടിയെടുക്കാനും ഉത്തരവായി. പ്രതിഷേധത്തെക്കുറിച്ച് അന്വേഷിച്ച കമ്മിറ്റിയുടെ ശുപാർശകൾ പരിഗണിച്ചാണ് നടപടി. ആക്ഷേപമുള്ളവർ മാനുവൽപ്രകാരം പരാതിനൽകണം. കുട്ടികളെ പ്രതിഷേധിക്കുന്നതിൽനിന്ന് തടയേണ്ടത് അധ്യാപകരാണെന്നും ഉത്തരവിൽ പറയുന്നു. തർക്കങ്ങളൊഴിവാക്കാൻ മത്സരത്തിൻ്റെയും ഫലപ്രഖ്യാപനത്തിൻ്റെയും നിയമാവലി ബന്ധപ്പെട്ടവർക്ക് നൽകണമെന്നുള്ള നിർദേശവും സർക്കാർ അംഗീകരിച്ചിട്ടുണ്ട്.