കൊടൂര തണുപ്പും കനത്ത മഴയും തുടരുന്ന സാഹചര്യത്തിൽ ദില്ലിയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്നലെയും ഇന്നുമായി രാജ്യ തലസ്ഥാനത്ത് മഴ തുടരുന്നതിനാൽ 15 ഡിഗ്രിയായി താപനിലയും താഴ്ന്നിരിക്കുകയാണ്. ഉത്തരേന്ത്യയിലെ മറ്റ് പ്രദേശങ്ങളിലും സമാന സ്ഥിതിയാണ് ഉള്ളത്.മഴയെത്തുടർന്ന് സൗത്ത്, സെൻട്രൽ, നോർത്ത് ദില്ലി എന്നീ ഭാഗങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു. മേഖലയിൽ ആലിപ്പഴ വർഷത്തിനും സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.തെക്കുകിഴക്കൻ ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ് എന്നിവിടങ്ങളിൽ ആലിപ്പഴ വർഷത്തോടൊപ്പമുള്ള ഇടിമിന്നലിന് സാധ്യതയുണ്ട്.ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ഹരിയാന, ചണ്ഡീഗഡ്, ദില്ലി, പശ്ചിമ ഉത്തർപ്രദേശ്, കിഴക്കൻ രാജസ്ഥാൻ, പശ്ചിമ മധ്യപ്രദേശ് എന്നിവിടങ്ങളിൽ കനത്ത മഴയ്ക്കുള്ള സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.