അക്ഷരങ്ങളുടെ മഹാ മനുഷ്യന് വിട. എംടി ഇനി മലയാളികളുടെ ഓർമയിൽ ജ്വലിക്കുന്ന രണ്ട് അക്ഷരങ്ങൾ. ഇന്നലെ രാത്രി പത്തോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ച എംടിയുടെ മൃതദേഹം രാത്രി സ്വവസതിയായ സിതാരയിലേക്ക് കൊണ്ടുപോയി. എംടിക്ക് അന്തിമോപചാരമർപ്പിക്കാൻ സമൂഹത്തിന്റെ വിവിധ മേഖലകളിൽനിന്ന് ആളുകളെത്തി. സംസ്കാരം ഇന്ന് വൈകിട്ട് 5ന് മാവൂർ പൊതു ശ്മശാനത്തിൽ. എംടിയുടെ ആഗ്രഹപ്രകാരം പൊതുദർശനം ഒഴിവാക്കും. എംടിയോടുള്ള ആദരസൂചകമായി 26, 27 തീയതികളിൽ സംസ്ഥാന സർക്കാർ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.
കഫക്കെട്ടും ശ്വാസതടസ്സവും വർധിച്ചതിനെ തുടർന്നു 16നു പുലർച്ചെയാണ് എംടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ ൈവകിട്ടോടെ ആരോഗ്യനില വഷളാകുകയായിരുന്നു. നടൻ മോഹൻലാൽ രാത്രി വസതിയിലെത്തി എംടിയെ അവസാനമായി കണ്ടു. എംടിയുടെ നിരവധി തിരക്കഥകൾ സംവിധാനം ചെയ്ത ഹരിഹരൻ മൃതദേഹം കണ്ട് വിതുമ്പി. എംടിയുടെ മികച്ച കഥാപാത്രങ്ങളെ സിനിമയിൽ അവതരിപ്പിക്കാൻ കഴിഞ്ഞത് മോഹൻലാൽ അനുസ്മരിച്ചു. ‘‘ സിനിമാ ജീവിതത്തിൽ എംടി ഏറ്റവും നല്ല കഥാപാത്രങ്ങളെ എനിക്കു തന്നു. എന്റെ സംസ്കൃത നാടകങ്ങൾ കാണാൻ അദ്ദേഹം ബോംബെയിൽ വന്നിരുന്നു. കോഴിക്കോട് വരുമ്പോഴൊക്കെ അദ്ദേഹത്തെ കാണുമായിരുന്നു. എംടിയുടെ തൂലികയിലൂടെ സൃഷ്ടിച്ചെടുത്ത ഒരുപാട് നല്ല കഥാപാത്രങ്ങളെ അഭിനയിക്കാൻ സാധിച്ചു’’–മോഹൻലാൽ പറഞ്ഞു
മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എംടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നോവൽ, ചെറുകഥ, തിരക്കഥ, നാടകം, ബാലസാഹിത്യം, യാത്രാവിവരണം, ലേഖനം എന്നിങ്ങനെ എഴുത്തിന്റെ സമസ്തരൂപങ്ങളിലും വിരൽമുദ്ര പതിപ്പിച്ച എംടി, പത്രാധിപർ എന്ന നിലയിലും അതുല്യനാണ്. മലയാള സിനിമയിലെ ക്ലാസിക്കുകളിലൊന്നായി എണ്ണപ്പെടുന്ന നിർമാല്യം ഉൾപ്പെടെ 6 സിനിമകളും രണ്ട് ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. 2005 ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. ജ്ഞാനപീഠം, എഴുത്തച്ഛൻ പുരസ്കാരം, വയലാർ അവാർഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, വള്ളത്തോൾ പുരസ്കാരം, ജെ.സി. ദാനിയേൽ പുരസ്കാരം എന്നിവയടക്കം എണ്ണമറ്റ ബഹുമതികൾ നേടി. തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് നാലു തവണയും സംസ്ഥാന ചലച്ചിത്ര അവാർഡ് 11 തവണയും നേടി. മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം മൂന്നു തവണ ലഭിച്ചു. ഭാര്യ: കലാമണ്ഡലം സരസ്വതി. മക്കൾ: സിതാര, അശ്വതി










