പെരുമ്പാവൂർ ബൈപാസ് നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ബൈപാസ് ഒന്നാംഘട്ടത്തിന്‍റെ നിർമ്മാണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. തടസമില്ലാത്ത റോഡ് ശൃംഖലയ്ക്ക് രൂപം നൽകുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. 301 കോടി രൂപയുടെ പദ്ധതിയാണ് പെരുമ്പാവൂർ ബൈപാസ്. നാല് കിലോമീറ്റർ ദൂരത്തിൽ രണ്ട് ഘട്ടങ്ങളായാണ് പദ്ധതിയുടെ രൂപകൽപ്പന ചെയ്തത്. ഇതിൽ ഒന്നാംഘട്ടത്തിന്‍റെ നിർമ്മാണ ഉദ്ഘാടനമാണ് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചത്.പദ്ധതി പൂർത്തീകരിക്കുന്നതിന് എല്ലാ മാസവും പ്രത്യേക അവലോകനം നടത്തുമെന്നും മന്ത്രി അറിയിച്ചു. പെരുമ്പാവൂർ പട്ടണത്തിൽ അനുഭവപ്പെടുന്ന അതിരൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ 2016 ലാണ് ബൈപാസിന് തുക വകയിരുത്തിയത്. മരുതുകവല മുതൽ എംസി റോഡ് വരെയുള്ള ഒന്നാംഘട്ടത്തിൽ ഒന്നര കിലോമീറ്റർ ദൂരമാണുള്ളത്. ഏഴു മാസത്തിനകം ബൈപാസ് നിർമ്മാണം പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.