ന്യൂഡൽഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാലാമത്തെയും അവസാനത്തേതുമായ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് ഭരണകക്ഷിയായ ആം ആദ്മി പാർട്ടി. മുൻ മുഖ്യമന്ത്രിയും പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്രിവാളും മുഖ്യമന്ത്രി അതിഷിയും തങ്ങളുടെ സിറ്റിങ് സീറ്റിൽ തന്നെ ജനവിധി തേടും. മന്ത്രിമാരായ സൗരഭ് ഭരദ്വാജ് ഗോപാൽ റായ് എന്നിവരും നിലവിലെ സീറ്റുകളിൽനിന്ന് തന്നെ മത്സരിക്കും.കെജ്രിവാൾ ന്യൂഡൽഹിയിലെ എംഎൽഎയാണ്. അതിഷി കൽകജിയിൽനിന്നും സൗരഭ് ഭരദ്വാജ് ഗ്രേറ്റർ കൈലാഷിലും ഗോപാൽ റായ് ബാബർപുറിലുമാണ് മത്സരിക്കുന്നത്.70-അംഗ ഡൽഹി നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള മുഴുവൻ സ്ഥാനാർഥികളേയും എഎപി ഇതോടെ പ്രഖ്യാപിച്ചുകഴിഞ്ഞു. നാലാംതവണയും അധികാരത്തിലേറാൻ കഴിയുമെന്ന ആത്മവിശ്വാസത്തോടെയും തയ്യാറെടുപ്പുകളോടെയുമാണ് എഎപിയുള്ളതെന്ന് അരവിന്ദ് കെജ്രിവാൾ പറഞ്ഞു.’ബിജെപി ചിത്രത്തിലില്ല. അവർക്ക് മുഖ്യമന്ത്രി മുഖമോ ടീമോ പദ്ധതിയോ ഡൽഹിയെക്കുറിച്ച് ഒരു കാഴ്ചപ്പാടോ ഇല്ല. അവർക്ക് ഒരു മുദ്രാവാക്യം മാത്രമേയുള്ളൂ, ‘കെജ്രിവാളിനെ നീക്കം ചെയ്യൂ’ എന്ന് പറഞ്ഞ് നടക്കുന്നു. അഞ്ച് വർഷത്തേക്ക് അവർ എന്താണ് ചെയ്തതെന്ന് അവരോട് ചോദിക്കൂ. വർഷങ്ങളായി, ‘ഞങ്ങൾ കെജ്രിവാളിനെ അധിക്ഷേപിച്ചു’ എന്ന് അവർ പറയും’, ഡൽഹി മുൻ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.ഡൽഹിയിൽ തിരഞ്ഞെടുപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഫെബ്രുവരിയോടെ വോട്ടെടുപ്പുണ്ടാകുമെന്നാണ് പാർട്ടികൾ പ്രതീക്ഷിക്കുന്നത്. എ.എ.പി.യും കോൺഗ്രസും ഇതിനകം കുറേ മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. ബി.ജെ.പി.യുടെ സ്ഥാനാർഥിപ്പട്ടികയും വൈകാതെയുണ്ടാകും. എഎപിയുടെ പ്രചാരണവും നേരത്തെ തുടങ്ങികഴിഞ്ഞു.