മണ്ണാർക്കാട് പനയംപാടത്ത് വാഹനാപകടത്തിൽ മരിച്ചത് എട്ടാം ക്ളാസ് വിദ്യാർത്ഥിനികൾ. നാലുപേരാണ് അപകടത്തിൽ മരിച്ചത്. കരിമ്പ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനികളായ ഇർഫാന, മിത, റിദ, ആയിഷ എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. സ്‌കൂൾ വിട്ടതിനുശേഷം പെൺകുട്ടികൾ റോഡിലൂടെ നടന്നുവരുന്നതിനിടെ സിമന്റ് ലോറി മറ്റൊരു വാഹനത്തിൽ തട്ടി നിയന്ത്രണംവിട്ട് കുട്ടികളുടെമേൽ വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷി പറഞ്ഞു. നാലുപേരും സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു. രണ്ടോ മൂന്നോ കുട്ടികൾ ലോറിക്കടിയിൽ ഉണ്ടായിരുന്നുവെന്നും വിവരമുള്ളതായും ദൃക്‌സാക്ഷി പറഞ്ഞു.
പരീക്ഷ കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങവേയായിരുന്നു അപകടം. സിമന്റുമായി വന്ന ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ലോറി അമിത വേഗത്തിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ലോറി പാഞ്ഞുവരുന്നതുകണ്ട് ഒരു കുട്ടി അടുത്ത വീട്ടിലേയ്ക്ക് ഓടിക്കയറിയതിനാൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പനയംപാടം സ്ഥിരം അപകടമുണ്ടാകുന്ന സ്ഥലമാണെന്ന് നാട്ടുകാർ പറയുന്നു. ഇത് സംബന്ധിച്ച് ജനങ്ങൾ പരാതി നൽകിയിട്ടുള്ളതായും നാട്ടുകാർ പറയുന്നു. അപകടത്തിൽ നാട്ടുകാർ പ്രതിഷേധിച്ചു.
മരിച്ച മൂന്ന് വിദ്യാർത്ഥിനികളുടെ മൃതദേഹങ്ങൾ തച്ചമ്പാറ ഇസാഫ് ആശുപത്രിയിലും ഒരാളുടെ മൃതദേഹം മണ്ണാർക്കാട് മദർ കെയർ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.







