കാനനപാത വഴി ശബരിമല ദർശനത്തിന് എത്തുന്ന ഭക്തർക്ക് വിവിധ സേവനങ്ങളെക്കുറിച്ചറിയാൻ വനംവകുപ്പിന്റെ അയ്യൻ ആപ്പ്. വനംവകുപ്പിന്റെ പെരിയാർ ടൈഗർ റിസർവ് വെസ്റ്റ് ഡിവിഷന്റെ നേതൃത്വത്തിലാണ് ആപ്പ് നിർമ്മിച്ചത്. പമ്പ, സന്നിധാനം, സ്വാമി അയ്യപ്പൻ റോഡ്, പമ്പ- നീലിമല- സന്നിധാനം, എരുമേലി- അഴുതക്കടവ്- പമ്പ, സത്രം- ഉപ്പുപാറ- സന്നിധാനം എന്നീ പാതകളിൽ ലഭിക്കുന്ന സേവനങ്ങൾ അയ്യൻ ആപ്പിലൂടെ അറിയാൻ സാധിക്കും. തിരഞ്ഞെടുക്കുന്ന പാതകിലിലെ വിവിധ മുന്നറിയിപ്പുകളും ആപ്പിലൂടെ ലഭ്യമാകും.പരമ്പരാഗത കാനനപാതകളിലെ സേവന കേന്ദ്രങ്ങൾ, താമസസൗകര്യം, പൊതു ടൊയ്ലെറ്റുകൾ, സൗജന്യ കുടിവെള്ള വിതരണ കേന്ദ്രങ്ങൾ, ഇക്കോ ഷോപ്പ്, മെഡിക്കൽ എമർജൻസി യൂണിറ്റ്, എലിഫൻറ് സ്ക്വാഡ് ടീം, ഫയർഫോഴ്സ്, പോലീസ് എയ്ഡ് പോസ്റ്റ്, ഓരോ താവളത്തിൽ നിന്നും സന്നിധാനത്തേക്കുള്ള ദൂരം, ഒരു സ്ഥലത്തുനിന്നും അടുത്തുള്ള സ്ഥലത്തേക്കുള്ള ദൂരം എന്നീ വിവരങ്ങൾ ആപ്പിൽ ലഭ്യമാകും. തീർത്ഥാടകർക്കായുള്ള പൊതു നിർദ്ദേശങ്ങളും പെരിയാർ വന്യജീവി സങ്കേതത്തെക്കുറിച്ചുള്ള വിവരങ്ങളും ശബരിമല ക്ഷേത്രത്തെക്കുറിച്ചുള്ള വിവരണവും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.അടിയന്തരസഹായ നമ്പരുകളും ആപ്പിൽ ലഭ്യമാണ്.മലയാളം തമിഴ് കന്നട തെലുങ്ക് ഹിന്ദി എന്നീ അഞ്ചു ഭാഷകളിലുള്ള ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും കാനനപാതയുടെ കവാടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ക്യു ആർ കോഡ് സ്കാൻ ചെയ്തും ഡൗൺലോഡ് ചെയ്യാം.