മീറ്ററിട്ട് ഓട്ടോ ഓടിക്കണമെന്നും അമിതചാർജ് ഇടാക്കാൻ പാടില്ലെന്നും പറഞ്ഞ മോട്ടോർ വാഹന ഉദ്യോഗസ്ഥനും രക്ഷയില്ല. കൊച്ചി നെടുമ്പാശ്ശേരി വിമാനത്തിൽ നിന്നും ഓട്ടോ വിളിച്ച മോട്ടോർ വാഹന ഉദ്യോഗസ്ഥനായ യാത്രക്കാരനെ മീറ്റർ ഇടാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് ഡ്രൈവർ എയർപോർട്ട് റോഡിൽ ഇറക്കിവിട്ടു. താൻ അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആണെന്ന് അറിയിച്ച യാത്രക്കാരൻ ഓട്ടോയുടെ ചിത്രം മൊബൈലിൽ പകർത്തിയതോടെ ഡ്രൈവർ യാത്രക്കാരനോട് മോശമായി പെരുമാറുകയും ചെയ്തു. ഓട്ടോ ഡ്രൈവർ യൂണിഫോമും ധരിച്ചിട്ടില്ലായിരുന്നു.കൊല്ലം ആർടി ഓഫീസിൽ ജോലിചെയ്യുന്ന അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറോടാണ് ഓട്ടോ ഡ്രൈവർ നടുറോഡിൽ ഇറക്കിവിട്ടത്. വിമാനത്താവളത്തിൽ നിന്ന് അത്താണി ഭാഗത്തേക്കാണ് അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഓട്ടം വിളിച്ചത് യാത്രക്കൂലിയായി 180 രൂപ ഡ്രൈവർ ആവശ്യപ്പെട്ടെങ്കിലും അഞ്ചു കിലോമീറ്ററിൽ താഴെയുള്ള ഓട്ടമായതിനാൽ 150 രൂപ വരെ തരാം എന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. വണ്ടി പുറപ്പെട്ടപ്പോൾ മീറ്റർ ഇടാൻ ആവശ്യപ്പെടുകയും മീറ്റർ ചാർജ് തരാമെന്ന് അറിയിക്കുകയും ചെയ്തു. ഇതോടെയാണ് യാത്രക്കാരനെ ഡ്രൈവർ ഓട്ടോയിൽ നിന്നും ഇറക്കി വിട്ടത്..സംഭവത്തിന് പിന്നാലെ നൽകിയ പരാതിയെ തുടർന്ന് എറണാകുളംഎൻഫോഴ്സ്മെന്റ് ആർടിഒ ഓഫീസിലെ അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പിജി നിഷാന്ത് ഓട്ടോ പിടികൂടുകയും പിഴ ചുമത്തുകയും ചെയ്തു. പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതോടെയാണ് എൻഫോഴ്സ്മെന്റ് ആർടിഒ കെ മനോജ് ഓട്ടോ ഡ്രൈവറായ വിസി സുരേഷ് കുമാറിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും പിഴ ചുമത്തുകയും ചെയ്തത്. മീറ്റർ ഇടാത്തതിന് പുറമേ അമിതചാർജ് വാങ്ങൽ, യൂണിഫോം ധരിക്കാതിരിക്കൽ, മോശം സംസാരം എന്നിവയ്ക്കെല്ലാം ചേർത്താണ് പിഴ ചുമത്തിയത്.