തിരുവനന്തപുരം: ഭാര്യക്കെതിരെ ആരോപണവുമായി സാമൂഹിക മാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്തശേഷം യുവാവ് ജീവനൊടുക്കി. മലയിൻകീഴ് പോലീസ് സ്റ്റേഷൻ പരിധിയിൽ വിളവൂർക്കൽ ഈഴക്കോട് ഗ്രീൻവില്ല ഗാർഡൻസിൽ പാലാഴി പ്രദീപി(44)നെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞദിവസ രാത്രിയാണ് സാമൂഹ്യ മാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്തത്. വീടിന്റെ കാർപോർച്ചിലെ സീലിങ് ഹുക്കിലാണ് പ്രദീപിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.കഴിഞ്ഞ എട്ട് വർഷമായി തച്ചോട്ട് കാവ് ജംഗ്ഷനു സമീപം’ തച്ചോട്ട്’ എന്ന പേരിൽ ഹോട്ടൽ നടത്തിവരികയായിരുന്നു പ്രദീപ്. രണ്ടാം ഭാര്യയായ തച്ചോടുകാവ് സ്വദേശി പ്രിയയുമായി ഒന്നിച്ച് താമസിച്ചുവരികയായിരുന്നു. ആദ്യ വിവാഹത്തിലെ മകളും ഒപ്പമുണ്ടായിരുന്നു. ഇതിനിടെ വീണ് കാലൊടിഞ്ഞ് ചികിത്സയിൽ കഴിഞ്ഞുവരവേ പ്രിയയുമായി കുടുംബപരമായ കാര്യങ്ങളിൽ പിണങ്ങിയതായാണ് വിവരം. ബിസിനസ്സിലും സാമ്പത്തിക ബാധ്യത ഉണ്ടായിട്ടുണ്ടെന്നും സൂചനയുണ്ട്. കഴിഞ്ഞ ഒന്നരമാസമായി ഒറ്റയ്ക്കാണ് പ്രദീപ് വീട്ടിൽ താമസിച്ചിരുന്നത്.മരണത്തിന് കാരണം പ്രിയയും അവരുടെ അമ്മ പ്രസന്നയും ഹോട്ടലിനു എതിർവശം കൃപ എന്ന വർക്ക്‌ഷോപ്പ് നടത്തുന്ന വിനോദ് എന്നയാളുമാണെന്ന സൂചന നൽകിയാണ് പ്രദീപ് പങ്കുവെച്ച വീഡിയോയിലുള്ളത്. മരണ കാര്യത്തിൽ മറ്റ് സംശയം ഇല്ലെന്നതാണ് പോലീസ് പറയുന്നത്. വിഷയത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി.







