ചാമ്പ്യൻസ് ലീഗിൽ മൊണാക്കോയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് ആഴ്‌സണൽ. ഇരട്ട ഗോൾ നേടി ബുകായോ സാക്കയും പകരക്കാരനായി ഇറങ്ങി ഗോൾ നേടിയ ഹാവെർട്‌സുമാണ് ആഴ്‌സണലിന് മിന്നും ജയം നേടിക്കൊടുത്തത്. 13 പോയിൻ്റുമായി പോയിൻ്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. 34 , 78 മിനിറ്റുകളിലായിരുന്നു സാക്കയുടെ ഗോളുകൾ. രണ്ടാം പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് 88-ാം മിനിറ്റിലായിരുന്നു ഹാവെർട്‌സിന്റെ ഗോൾ.വിജയത്തോടെ ആറ് മത്സരങ്ങളിൽ നിന്ന് നാല് ജയവും ഒരു സമനിലയും ഒരു തോൽവിയുമായി 13 പോയിന്റുമായി ആഴ്‌സണൽ ചാമ്പ്യൻസ് ലീഗിൽ മൂന്നാം സ്ഥാനത്തെത്തി. 15 പോയിന്റുള്ള ബാഴ്‌സലോണ രണ്ടാം സ്ഥാനത്ത് നിൽക്കുമ്പോൾ 18 പോയിന്റുള്ള ലിവർപൂളാണ് ഒന്നാം സ്ഥാനത്ത്. ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മറ്റ് മത്സരങ്ങളിൽ ബാഴ്‌സലോണ, അത്‌ലറ്റികോ മാഡ്രിഡ്, യുവന്റസ് തുടങ്ങിയ ടീമുകൾ വിജയിച്ചു. അതേസമയം മാഞ്ചസ്റ്റർ സിറ്റി തുടർ തോൽവി ഏറ്റുവാങ്ങി.