അല്ലു അർജുന്റെ ‘പുഷ്പ 2 ദ റൂൾ’ ആഗോള ബോക്‌സ് ഓഫീസിൽ ആധിപത്യം തുടരുന്നു. റിലീസ് ചെയ്ത് അഞ്ച് ദിവസത്തിനുള്ളിൽ 900 കോടി നേടിയ ചിത്രം, ആറാം ദിവസത്തെ മുൻകൂർ ബുക്കിങ്ങിലൂടെ മാത്രം 18.85 കോടി രൂപ നേടിയതായി സാക്നിൽക്കിൽ നിന്നുള്ള ആദ്യകാല ട്രേഡ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 1000 കോടി ക്ലബിൽ ഇടംനേടാനുള്ള കുതിപ്പിലാണ് ചിത്രം.സുകുമാർ സംവിധാനം ചെയ്‌ത് മൈത്രി മൂവി മേക്കേഴ്‌സ് നിർമിച്ച ആക്ഷൻ-പാക്ക് ഡ്രാമ, 5-ാം ദിവസം കളക്ഷനിൽ 55% ഇടിവ് രേഖപ്പെടുത്തി, ആദ്യ നാല് ദിവസങ്ങളിൽ റെക്കോർഡ് തകർത്ത 500 കോടിയുമായി താരതമ്യം ചെയ്യുമ്പോൾ അഞ്ചാം ദിവസം 64.45 കോടി രൂപയാണ് നേടിയത്. എന്നിരുന്നാലും, ആഗോളതലത്തിൽ ഏറ്റവും വേഗത്തിൽ 900 കോടി കടക്കുന്ന ഇന്ത്യൻ ചിത്രമെന്ന പദവി ഉറപ്പിച്ചുകഴിഞ്ഞു. അഞ്ചാം ദിവസത്തെ കളക്ഷനും ചേർക്കുമ്പോൾ ഇതുവരെ 922 കോടിയാണ് ചിത്രം നേടിയത്.അവധി ദിവസങ്ങൾക്ക് ശേഷം വരുന്ന തിങ്കളും ചൊവ്വയും കളക്ഷൻ കുറയുമെന്ന് ട്രേഡർമാർ കണക്ക് കൂട്ടിയിരുന്നു. മോണിങ്, മാറ്റിനി ഷോ ഒക്യുപൻസി നിരക്ക് തെലുങ്ക് പതിപ്പിന് 25.87% ഉം ഹിന്ദി പതിപ്പിന് 24.83% ഉം ആയിരുന്നു. 1000 കോടി ക്ലബ്ബിൽ കയറാനുള്ള കളമൊരുക്കി ഏഴാം ദിവസം കൊണ്ട് ചിത്രം 950 കോടി രൂപ പിന്നിടുമെന്ന് നിരീക്ഷകർ പ്രവചിക്കുന്നു.കേവലം അഞ്ച് ദിവസം കൊണ്ട് 300 കോടി രൂപ കടന്ന് മുൻ റെക്കോർഡുകൾ തകർത്ത് ഹിന്ദി പതിപ്പ് ഒരു ഗെയിം ചേഞ്ചറായി മാറിയെന്നതും ശ്രദ്ധേയമാണ്. ഈ നേട്ടം പുഷ്പ 2 നെ ഏറ്റവും വേഗത്തിൽ ഈ നാഴികക്കല്ല് കൈവരിക്കുന്ന ഹിന്ദി ചിത്രമാക്കി മാറ്റുകയാണ്.പ്രേക്ഷകർ തിയേറ്ററുകളിലേക്ക് ഒഴുകുന്നത് തുടരുമ്പോൾ, പുഷ്പ 2 ബോക്സ് ഓഫീസിൽ അതുല്യമായ സ്ഥാനം ഉറപ്പിക്കുകയാണ്. അല്ലു അർജുന്റെ സൂപ്പർസ്റ്റാർ പദവി കൂടുതൽ ഉറപ്പിച്ചുകൊണ്ട് 1000 കോടി എലൈറ്റ് ക്ലബിലേക്കുള്ള ചരിത്രപരമായ പ്രവേശനം അടയാളപ്പെടുത്തുന്ന ഏഴാം ദിവസത്തെ പ്രകടനത്തിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നു. ആഗോള തലത്തിൽ ഇന്ത്യൻ സിനിമയ്ക്ക് നാഴികക്കല്ലാകുകയാണ് പുഷ്പ 2 ദ റൂൾ.