ചാലിശ്ശേരി:ചാലിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് മൂന്നാമത് അഖിലകേരള ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെന്റിന് ഇന്ന് ഞായറാഴ്ച തുടക്കമാകും.ചാലിശ്ശേരി ജി.സി.സി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും മുക്കിലിപ്പീടിക മഹാത്മ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
പുലിക്കോട്ടിൽ കുഞ്ഞൻ സ്മാരക വിന്നേഴ്സ് ട്രോഫിക്കും വിസ്റ്റ ഗ്രൂപ്പ് ഓഫ് കമ്പനീസ് യു.എ.ഇ നൽകുന്ന റണ്ണേഴ്സ് ട്രോഫിക്കും യു.എ.ഇ ജി.സി.സി പ്രവാസി കമ്മിറ്റി നൽകുന്ന വിന്നേഴ്സ് പ്രൈസിനും സിത്താര ജ്വല്ലേഴ്സ് എറണാകുളം നൽകുന്ന റണ്ണേഴ്സ് പ്രൈസ് മണിക്കും വേണ്ടിയാണ് ടീമുകൾ പോരാട്ടത്തിനിറങ്ങുന്നത്.പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിൽ നിന്നുള്ള സന്തോഷ് ട്രോഫി താരങ്ങളും വിദേശ താരങ്ങളും ഉൾപ്പെടെ കേരളത്തിലെ പ്രമുഖരായ 16 ടീമുകൾ ടൂർണമെന്റിൽ മാറ്റുരയ്ക്കും.
നവംബർ 29 ഞായറാഴ്ച രാത്രി എട്ടിന് തൃത്താല എം.എൽ.എ വി.ടി. ബൽറാം ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. കുഞ്ഞുണ്ണി,ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് റംല വീരാൻകുട്ടി എന്നിവർ മുഖ്യാതിഥികളാകും. ഉദ്ഘാടന മത്സരത്തിൽ ലാസ്മോസ് ചങ്ങരംകുളവും MFA മതപ്പുള്ളിയും ഏറ്റുമുട്ടും.പ്രവേശനം പാസ് മുഖേനയായിരിക്കു.44 വർഷത്തെ പാരമ്പര്യമുള്ള ജി.സി.സി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും ജീവകാരുണ്യ രംഗത്ത് സജീവമായ മഹാത്മ ചാരിറ്റബിൾ ട്രസ്റ്റും ഒന്നിക്കുന്ന ടൂർണമെന്റ് കായികവും കാരുണ്യവും കൈകോർക്കുന്ന കൂട്ടായ്മയാണ്. ഇനിയുള്ള 15 ദിവസം ചാലിശ്ശേരി ഫുട്ബോൾ ആവേശത്തിന്റെ ലഹരിയിലാകും.







